ബീജിംഗ്: ഉറക്കം കാരണം ഒരു പൈലറ്റിന്റെ പണി പോയി. കട്ടിലിൽ കിടന്ന് ഉറങ്ങിയതല്ല, വിമാനം പറത്തുമ്പോൾ കോക് പിറ്റിലിരുന്ന് ഉറങ്ങിയതാണ് പ്രശ്നമായത്. സഹപൈലറ്റാണ് വീഡിയോ പകർത്തി സോഷ്യൽമീഡിയയിൽ പോസ്റ്റുചെയ്തത്. ഇത് വൈറലായതോടെയാണ് അധികൃതർ നടപടിയെടുത്തത്.
തായ്വാൻ ദേശീയ വിമാന കമ്പനിയുടെ പൈലറ്റ് വെങ് ജിയാഖി ആണ് ഉറങ്ങിപ്പോയത്. രണ്ട് പതിറ്റാണ്ടോളമായി പൈലറ്റായി സേവനം അനുഷ്ഠിക്കുന്ന ഇയാൾ വിമാനത്തിലെ മുഖ്യ പൈലറ്റായിരുന്നു . വിമാനം പറത്തുന്നതിനിടെ ക്ഷീണംമൂലം അയാൾ അറിയാതെ ഉറക്കത്തിലേക്ക് വീണു.തൊട്ടടുത്തുണ്ടായിരുന്ന സഹപൈലറ്റാകട്ടെ വിമാനം പറത്തുന്നതിൽ ശ്രദ്ധിക്കാതെ ഉറക്കത്തിന്റെ വീഡിയോ എടുക്കുന്ന തിരക്കിലായിരുന്നു. ഭാഗ്യത്തിന് അപകടമൊന്നും സംഭവിച്ചില്ല.
വീഡിയോ വൈറലായതോടെ ഉറങ്ങിയ പൈലറ്റിനും വീഡിയോ എടുത്ത പൈലറ്റിനും ശിക്ഷ ലഭിച്ചു. മുഖ്യ പൈലറ്റിനെ സസ്പെൻഡ് ചെയ്തു. വീഡിയോ എടുത്ത് വൈറലാക്കിയ സഹ പൈലറ്റിനുള്ള ശിക്ഷ ശക്തമായ താക്കീതിലൊതുക്കി. ഇനി ഇത്തരമൊരു നടപടിയുണ്ടായാൽ പുറത്താക്കുമെന്നാണ് മുന്നറിയിപ്പ്. സസ്പെൻഷൻ കാലാവധി കഴിഞ്ഞാലും മുഖ്യപൈലറ്റിനെ വിമാനം പറത്താൻ നിയോഗിക്കേണ്ട എന്ന തീരുമാനത്തിലാണ് കമ്പനി എന്നാണ് റിപ്പോർട്ട്.