''എന്താ താരേ?" നടുക്കത്തോടെ സി.ഐ ധനപാലൻ ഒച്ചയുയർത്തി.
ഒപ്പം ആക്സിലറേറ്ററിൽ നിന്നു കാൽ മാറ്റി. ബൊലേറോയുടെ വേഗത കുറഞ്ഞുകൊണ്ടിരുന്നു.
''സാർ... എന്നെ രക്ഷിക്കണം."
വീണ്ടും താരയുടെ കരച്ചിൽ.
''എന്തുപറ്റി താരേ... നീ എവിടെയാണ്?"
''മണ്ണന്തലയിൽ.... എന്നെ ചിലർ പിടിച്ചുകൊണ്ടുപോന്നു. സാറ് എനിക്കു തന്ന സ്വർണമൊക്കെ അവർ കൊള്ളയടിച്ചു. പിന്നെ ഇവിടെ സർക്കാർ പ്രസ്സിനരുകിൽ അവർ വണ്ടി നിർത്തിയപ്പോൾ ഞാൻ ഇറങ്ങിയോടി..."
വല്ലാത്തൊരു വിറയൽ ബാധിച്ചുകഴിഞ്ഞിരുന്നു ധനപാലനിലും.
''എന്നിട്ട് നീ ഇപ്പോൾ എവിടെയാ?"
''പ്രസ്സിനു മുകളിലുള്ള ഹൈസ്കൂളിനടുത്തുള്ള കശുമാവിൻ തോപ്പിൽ... അവർ എന്നെ തിരഞ്ഞുകൊണ്ടിരിക്കുകയാ..."
അവർ ആരാണെന്നറിഞ്ഞോ?"
''ഇല്ല..."
''എന്തായാലും നീ അവിടെത്തന്നെ നിൽക്ക്. ഞാൻ പതിനഞ്ചു മിനിട്ടിനുള്ളിൽ എത്തും. അതുവരെ അവർക്കു പിടികൊടുക്കരുത്..."
പറഞ്ഞിട്ട് ഫോൺ ഇടതുഭാഗത്തെ സീറ്റിലേക്കിട്ടു ധനപാലൻ ശേഷം ബൊലേറോ പറത്തിവിട്ടു.
പത്തുമിനിട്ടിനുള്ളിൽ അയാൾ മണ്ണന്തലയെത്തി.
സ്കൂളിന്റെ മുറ്റത്തേക്കു വളഞ്ഞുകയറിപ്പോകുന്ന റോഡു കണ്ടു. ഗേറ്റ് തുറന്നുകിടക്കുകയാണ്.
അയാൾ കുന്നിൻ മുകളിലേക്ക് ബൊലേറോ പായിച്ചു.
കശുമാവിൽ തോപ്പിനരുകിൽ ബൊലേറോ ബ്രേക്കിട്ടു. അതിന്റെ ഹെഡ് ലൈറ്റുകൾ ഓഫു ചെയ്തിട്ട് ധനപാലൻ തിടുക്കത്തിൽ ഇറങ്ങി.
കശുമാവിൻ തോപ്പിൽ ഇരുൾ കട്ടപിടിച്ചു കിടക്കുകയാണ്. തപ്പിത്തടഞ്ഞ് അയാൾ അതിനുള്ളിലേക്കു കയറി. പിന്നെ പിൻതിരിഞ്ഞു ശ്രദ്ധിച്ചു.
തോപ്പിനു പുറത്തെങ്ങും ആളനക്കമില്ല...
''താരേ.. " ശബ്ദം കുറച്ച് അയാൾ വിളിച്ചു. പെട്ടെന്ന് കുറച്ച് മുന്നിലായി ഒരു ഞരക്കം കേട്ടു.
റിവോൾവർ അരയിലുണ്ടെന്ന് ഉറപ്പുവരുത്തിയിട്ട് ധനപാലൻ ഞരക്കം കേട്ട ഭാഗത്തേക്കു നീങ്ങി.
കശുമാവുകൾക്കടിയിൽ കുറ്റിക്കാടുകൾ ആയിരുന്നു. അയാൾ ഇരു കൈകൊണ്ടും അവ പിന്നോട്ടൊതുക്കി.
തൊട്ടു മുന്നിൽ കുറ്റിക്കാട്ടിൽ കിടന്ന് ഒരാൾ പുളയുന്നു!
''താരേ.." വിളിച്ചുകൊണ്ട് ധനപാലൻ മുന്നോട്ടടുത്തു. മൊബൈലിലെ വെളിച്ചം മിന്നിച്ചുകൊണ്ടു കുനിഞ്ഞു.
ആ ക്ഷണം തറയിൽ കിടന്നിരുന്ന ആൾ കാലുയർത്തി ഒറ്റ ചവിട്ട്! ധനപാലന്റെ നാഭിയിൽ!
''അയ്യോ..." അടിവയറ്റിൽ കൈ അമർത്തിക്കൊണ്ട് അയാൾ പിന്നിലേക്കു വേച്ചു.
ആ ക്ഷണം കുറുവടി പോലെ എന്തോ കൊണ്ട് ശിരസ്സിൽ ഒരടി കൂടി ഏറ്റു.
നിലവിളിക്കാനുള്ള സാവകാശം പോലുമില്ലാതെ ധനപാലൻ കുഴഞ്ഞുവീണു. റിവോൾവറിൽ ഒന്നു തൊടാൻ പോലും അയാൾക്ക് കഴിഞ്ഞില്ല....
ഒരു മണിക്കൂർ കഴിഞ്ഞു.
മുഖത്ത് തണുത്ത വെള്ളം വീണപ്പോൾ ധനപാലൻ കണ്ണുകൾ തുറന്നു. അയാൾ ചുറ്റും പകച്ചുനോക്കി.
ശിരസ്സിൽ പൊട്ടിപ്പിളരുന്ന വേദന... ആദ്യം കണ്ണുകൾക്കു മുന്നിൽ മഞ്ഞുപോലെ... ക്രമേണ അത് മാറിവന്നു....
അപ്പോൾ കണ്ടു....
ഭിത്തിയിലേക്ക് കൈകൾ മലർത്തിവച്ച് ആണി തറച്ച നിലയിൽ താര! വായ്ക്കു മുകളിൽ ടേപ്പ് ഒട്ടിച്ചിരിക്കുന്നു.
''താരേ...."
ധനപാലൻ ചാടിയെഴുന്നേൽക്കാൻ ഭാവിച്ചു.
ആ ക്ഷണം അയാളുടെ നെറ്റിയിൽ ഒരു റിവോൾവറിന്റെ കുഴൽ അമർന്നു. ഒപ്പം ഒരു ശബ്ദവും:
''ഇത് തന്റെ സർവ്വീസ് റിവോൾവർ തന്നെയാണ്. ഇതിലെ ഉണ്ട തലച്ചോറിൽ തുളഞ്ഞുകയറി മരിക്കാനാണ് നിനക്ക് യോഗം."
ധനപാലൻ പേടിയോടെ മുകളിലേക്കു നോക്കി. തൊട്ടുമുന്നിൽ രാഹുലിന്റെ കത്തുന്ന മുഖം!
അവിടെ തെളിഞ്ഞു നിന്ന ലൈറ്റിന്റെ വെളിച്ചത്തിൽ അവന്റെ കണ്ണുകളിൽ വജ്രത്തിളക്കം....
''രാഹുൽ... എന്നെ കൊല്ലരുത്..." ധനപാലൻ കേണു.
അപ്പോൾ രാഹുലിന്റെ ഇരുവശത്തും രണ്ടുപേർ കൂടി പ്രത്യക്ഷപ്പെട്ടു.
വിക്രമനും സാദിഖും.
''നിന്നെ കൊല്ലാനാണ് ഞങ്ങളുടെ തീരുമാനം." വിക്രമൻ കടപ്പല്ലു ഞെരിച്ചു. ഇനി ആ തീരുമാനം മാറണമെങ്കിൽ കുറേയേറെ ചിന്തിക്കേണ്ടിവരും. കാരണം ഇവൾ, ഈ താര നടന്നതെല്ലാം ഞങ്ങളുടെ മുന്നിൽ ഛർദ്ദിച്ചു കഴിഞ്ഞു. അതൊക്കെ ഞങ്ങൾ റിക്കാർഡു ചെയ്തിട്ടുമുണ്ട്."
ധനപാലൻ തളർന്നുപോയി.
''ഞാൻ ..... ഞാൻ എന്തുവേണമെങ്കിലും ചെയ്യാം. കൊല്ലാതിരുന്നാൽ മതി..." അയാൾ കൈ കൂപ്പി....
(തുടരും)