ഹാനോയി: ഉത്തരകൊറിയൻ മേധാവി കിം ജോങ് ഉന്നിന്റെ ഹെയർസ്റ്റൈൽ വേണോ, അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഹെയർസ്റ്റൈൽവേണോ?.ആവശ്യമുള്ളത് പറഞ്ഞാൽ മാത്രം മതി. മിനിട്ടുകൾക്കുള്ളിൽ ആ സ്റ്റൈൽ ഒാക്കെ. ഇതിന് കൂലികൊടുക്കാൻ തുനിയേണ്ട. നയാ പൈസവാങ്ങില്ല...വിയറ്റ്നാമിൽ ഹാനോയിലെ ലീ തുവാൻ ഡോങ് എന്ന ബാർബറാണ് കൂലിവാങ്ങാതെ ജോലിചെയ്യുന്നത്. എല്ലായ്പ്പോഴും ഇങ്ങനെയാണെന്ന് വിചാരിച്ചേക്കരുതേ.
കിമ്മും ട്രംപും ഹാനോയിൽ കൂടിക്കാഴ്ച നടത്തുന്നതിനെത്തുടർന്നാണ് ഇൗ ഒാഫർ. ഇൗ രണ്ടുനേതാക്കളുടെ ഹെയർസ്റ്റൈൽ തിരഞ്ഞെടുക്കുന്നവർക്ക് മാത്രമാണ് ഒാഫർ ലഭിക്കുക. ഒാഫർ കാലം കഴിഞ്ഞാൽ ഒരു തലയ്ക്ക് മുന്നൂ രൂപയിൽ കൂടുതൽ നൽകേണ്ടിവരും. സ്റ്റൈൽ മാറുന്നതിനനുസരിച്ച് ഇതിൽ ഏറ്റക്കുറച്ചിലുണ്ടാവും.
ഒാഫർ പ്രഖ്യാപിച്ചതോടെ ലീയുടെ കടയിലേക്ക് ആൾക്കാരുടെ ഇടിച്ചുകയറ്റമാണ്. കിമ്മിന്റെ സ്റ്റൈൽ ആവശ്യപ്പെട്ടെത്തുന്നതിൽ കൂടുതലും യുവാക്കളാണ്. ഇതുവരെ എത്രപേർക്ക് ഇൗ സ്റ്റൈൽ വെട്ടിക്കൊടുത്തെന്നും ലീയ്ക്ക് അറിയില്ല. എന്നാൽ ട്രംപ് സ്റ്റൈലിന് ആവശ്യക്കാർ നന്നേകുറവാണ്. വിരലിലെണ്ണാവുന്നവർ മാത്രമാണ് ആവശ്യക്കാർ.
അമേരിക്കക്കാരോടുള്ള വിയറ്റ്നാംകാരുടെ വെറുപ്പാണ് ഇതിനുപിന്നിലെ കാരണമെന്നാണ് കരുതുന്നത്. ലീയെ പിന്തുടർന്ന് വിയറ്റ്നാമിലെ മറ്റുചില ബാർബർമാരും ഇത്തരത്തിലുള്ള ഒാഫറുകൾ പ്രഖ്യാപിച്ചിട്ടുണ്ട്.