കരിപ്പട്ടി, കൽക്കണ്ടം , തേൻ എന്നിവയായിരുന്നു നമ്മുടെ പൂർവികർ മധുരത്തിനായി ഉപയോഗിച്ചിരുന്നത്. ഇന്നാകട്ടെ കൃത്രിമ മധുരവും പഞ്ചസാരയും അമിതമായി ഉപയോഗിച്ച് യുവതലമുറ രോഗങ്ങൾ വിലയ്ക്ക് വാങ്ങുകയാണ്. മധുരപാനീയങ്ങളിലും ബേക്കറി പലഹാരങ്ങളിലും അമിതമായി പഞ്ചസാര അടങ്ങിയിട്ടുണ്ട്. പ്രമേഹം മുതൽ അർബുദം വരെയുള്ള രോഗങ്ങൾക്ക് ഈ മധുരക്കൊതി വഴിയൊരുക്കുന്നു.
സോഡ, ഫ്രൂട്ട് ഡ്രിങ്ക്സ്, സ്പോർട്സ്/എനർജി ഡ്രിങ്ക്സ്, ഐസ്ഡ് ടീ, എന്നീ മധുരപാനീയങ്ങളെല്ലാം ആരോഗ്യത്തിന് ഹാനികരമാണ് . ഇവയ്ക്ക് പുറമേ മിൽക്ക് ഷെയ്ഖ്, ബട്ടർ മിൽക്ക്, ലസി എന്നിവയിലൂടെയും ധാരാളം മധുരം നമ്മുടെ ഉള്ളിലെത്തുന്നുണ്ട്. കുട്ടികളിലെ മധുരത്തിന്റെ ഉപയോഗം ചെറുപ്പത്തിൽത്തന്നെ അവരെ പ്രമേഹരോഗികളും പൊണ്ണത്തടിയുള്ളവരും ആക്കി മാറ്റിയേക്കാം.
തേൻ, കരിപ്പട്ടി എന്നിവയുടെ രുചി കുട്ടികളെ പഠിപ്പിക്കുക മാത്രമാണ് കൃത്രിമ മധുരം തടയാൻ ഏക വഴി. ബേക്കറി ഇനങ്ങൾക്ക് പകരം ഇലയട, കൊഴുക്കട്ട, ചക്കയപ്പം, അവൽ വരട്ടിയത് എന്നീ വിഭവങ്ങളും കുട്ടികൾക്ക് നൽകുക.