ആൻഡ്രോയിഡിന് പനിയാണ്, സാംസംങ്ങിന് തലകറക്കമാണ്, മിസ്ഡ് കോൾ അമ്മയായി....ഇങ്ങനെയൊക്കെ കേട്ടിട്ട് അമ്പരക്കണ്ട. ഇത്തരത്തിൽ വിചിത്രമായ പേരുകളുള്ള ആളുകളുണ്ട് രാജസ്ഥാനിൽ. രാജസ്ഥാനിലെ ബൂംദി ജില്ലയിലെ ആളുകളാണ് ഈ അമ്പരപ്പിക്കുന്ന പേരുകൾക്ക് പിന്നിൽ. അപ്പോൾ വായിൽവരുന്നതാണ് ഇവർ കുട്ടികൾക്ക് പേരിടുന്നത്.
ബൂംദിയിൽ റാം നഗർ ഗ്രാമത്തിൽ കാഞ്ഞാർ സമുദായത്തിൽപെട്ട 500 ആളുകൾ മാത്രമാണ് ഈ പ്രദേശത്ത് കഴിയുന്നത്. ഇവിടത്തെ ആളുകൾക്ക് എല്ലാം ഉയർന്ന റാങ്കിൽ ഉള്ള പദവികളുടെയോ, ബ്രാൻഡുകളുടെയോ പേരുകളാണ്. അതിലും വിചിത്രമായത് ഗ്രാമത്തിലെ ആളുകളെല്ലാം നിരക്ഷരരാണ് എന്നതാണ്! രാഷ്ട്രപതി, പ്രധാനമന്ത്രി, സാംസംഗ്. ആൻഡ്രോയിഡ് എന്നിവ മാത്രമല്ല വിചിത്രമായ പേരുകൾ. സിം കാർഡ്, ചിപ്പ്, ജിയോണി, മിസ്ഡ് കോൾ, ഹൈക്കോടതി ഇങ്ങനെ നീളുന്നു ആളുകളുടെ പേരുകൾ. സ്കൂളിന്റെ പടിപോലും ചവിട്ടാത്ത അമ്പതു വയസുകാരനാണ് ഇവിടത്തെ 'കളക്ടർ".
ഈ ഗ്രാമത്തിലെ ഭൂരിപക്ഷം പേരും മോഷണം ഉൾപ്പെടെ തൊഴിലാക്കിയവരാണ്. അതിനാൽതന്നെ പൊലീസ് സ്റ്റേഷനും കോടതിയും മാത്രമാണ് സുപരിചിതം. ഐജി, എസ്പി, മജിസ്ട്രേറ്റ് എന്നീ പേരുകളും ഇവിടെ സാധാരണമാണ്. ഇന്ദിരാഗാന്ധിയോട് കടുത്ത ആരാധനയുള്ള ഒരു കോൺഗ്രസ് പ്രവർത്തകൻ തന്റെ കുടുംബാംഗങ്ങൾക്കിട്ട പേരുകൾ സോണിയ, രാഹുൽ, പ്രിയങ്ക, എന്നിങ്ങനെയാണ്. മുത്തച്ഛനു ഹൈക്കോടതിയിൽ നിന്ന് ജാമ്യം ലഭിച്ച സമയത്ത് ജനിച്ചതിനാൽ ഒരാൾക്ക് ‘ഹൈക്കോർട്ട്’ എന്ന പേരു ലഭിച്ചു.
ബൂംദിയിലെ പേരുവിശേഷങ്ങൾ അവസാനിക്കുന്നതേയില്ല...