പണ്ട് വിളക്കുമാടമായിരുന്ന ഒരു ഹോട്ടലുണ്ട് അമേരിക്കയിലെ വടക്കൻ കരോളിനയിൽ. 50 അടി ആഴമുള്ള സമുദ്രഭാഗത്താണ് ഫ്രൈയിംഗ് പാൻ ടവർ എന്നറിയപ്പെടുന്ന ഇത് സ്ഥിതി ചെയ്യുന്നത്.
1964 ലാണ് എട്ടു മുറികളോടുകൂടിയ ഈ ഹോട്ടലിന്റെ നിർമ്മാണം പൂർത്തിയായത്. ഹെലികോപ്ടർ സവാരി പോലുള്ള നിരവധി സാഹസിക പരിപാടികളും ഇവിടെ സഞ്ചാരികൾക്കായി നടത്തിവരുന്നുണ്ട്. പക്ഷേ ഇവിടേക്ക് എത്തിപ്പെടണമെങ്കിൽ ഹെലികോപ്ടറിലോ ബോട്ടിലോ വരേണ്ടിവരും. എട്ട് മുതൽ പന്ത്രണ്ട് വരെ ആളുകളെ മാത്രമെ ഹോട്ടലിൽ താമസിപ്പിക്കുകയുള്ളൂ.
ഇന്റർനെറ്റ് സൗകര്യവും വിശാലമായ അടുക്കളയും ഹെലിപാഡ് ഡെക്കും ഒക്കെയുണ്ട് ഈ കടലിന് നടുവിലെ ഹോട്ടലിൽ. ഇവിടെ ലഭ്യമാക്കിയിരിക്കുന്ന വിനോദപരിപാടികളാണ് മറ്റൊരാകർഷണം. മീൻപിടുത്തമാണ് ഇതിൽ പ്രധാനം. യാത്രക്കാർക്ക് വേണമെങ്കിൽ ഹോട്ടലിൽ നിന്നുകൊണ്ടുതന്നെ മീൻപിടിക്കാം. പുറത്തുപോയി മീൻപിടിക്കണമെങ്കിൽ ബോട്ട് ഏർപ്പാടാക്കുകയും ചെയ്യും.
2015ൽ നോ മാൻസ് ഫോർട്ട് എന്നൊരു കോട്ട ഇത്തരത്തിൽ ഹോട്ടലാക്കിയിരുന്നു. ശത്രുക്കളുടെ ആക്രമണത്തിൽ നിന്ന് രക്ഷപെടുന്നതിനായി ബ്രിട്ടീഷ് പ്രധാനമന്ത്രി ലോർഡ് പാൽമേസ്ടന്റെ നിർദേശപ്രകാരം നിർമ്മിച്ചതായിരുന്നു നടുകടലിലെ ഈ കോട്ട.