മാർച്ച് എട്ടിന് തിയേറ്ററുകളിലെത്തുന്ന ചിത്രമാണ് സുരേഷ് തിരുവല്ല ഒരുക്കുന്ന ഓർമ്മ. ഈ ചിത്രത്തിലൂടെ പുതിയൊരു താരത്തെ കൂടി മലയാള സിനിമയിലേക്ക് ലഭിക്കുകയാണ്. ഓർമ്മയിലെ നായികാതുല്യമായ കഥാപാത്രം 'അനാമിക'യെ അവതരിപ്പിക്കുന്നത് ബഹ്റിനിലെ പ്ലസ്ടു വിദ്യാർത്ഥിനി ഓഡ്രി മിറിയമാണ്.
കലാമണ്ഡലം ശ്രീദേവിയുടെ ശിഷ്യയായ ഓഡ്രി യു.എ.ഇയിൽ അറിയപ്പെടുന്ന ക്ലാസിക്കൽ നർത്തകിയുമാണ്. ചിത്രത്തിൽ ഗായത്രി അരുണിന്റെ മകളായാണ് ഓഡ്രി അരങ്ങേറ്റം കുറിക്കുന്നത്. ഇത്തരമൊരു ചിത്രത്തിലൂടെ മലയാള സിനിമയിൽ ചുവടുറപ്പിക്കാൻ കഴിഞ്ഞ സന്തോഷം ഓഡ്രി പങ്കുവച്ചു.
'ഓർമ്മയിലെ സെറ്റിൽ എല്ലാവരും വലിയ സപ്പോർട്ടീവായിരുന്നു. നന്നായി ചെയ്യാൻ കഴിഞ്ഞിട്ടുണ്ടന്നാണ് വിശ്വാസം. ഇനിയെല്ലാം ദൈവത്തിന്റെ കൈയിൽ'- എന്നാണ് താരം പറയുന്നത്. ഓഡ്രിയുടെ അമ്മ പേർളിയും ചേച്ചി ആഷിയും ക്ലാസിക്കൽ നർത്തകിമാരാണ്. അച്ഛൻ സാജൻ റോബർട്ട് കലാസ്വാദകനും വ്യവസായ പ്രമുഖനുമാണ്. കുടുംബത്തിന്റെ പിന്തുണയാണ് ഓഡ്രിയുടെ വിജയത്തിനു പിന്നിൽ.
ജയകൃഷ്ണൻ, ക്വീൻ ഫെയിം സൂരജ്കുമാർ, ദിനേശ് പണിക്കർ, വി.കെ.ബൈജു, മഹേഷ്, ശോഭാമോഹൻ, അൻജു നായർ, ആഷി മേരി, ഡയാന മിറിയം, മണക്കാട് ലീല തുടങ്ങി വൻതാരനിര തന്നെ ചിത്രത്തിലുണ്ട്. സൂരജ് ശ്രുതി സിനിമാസിന്റെ ബാനറിൽ സാജൻ റോബർട്ട് നിർമ്മിക്കുന്ന ചിത്രത്തിന് തിരക്കഥയും സംഭാഷണവും ഒരുക്കിയത് ഡോ.രവി പർണശാല. ഛായാഗ്രഹണം: പ്രതീഷ് നെന്മാറ, എഡിറ്റിംഗ്: കെ.ശ്രീനിവാസ്, പ്രൊഡക്ഷൻ കൺട്രോളർ: ജയശീലൻ സദാനന്ദൻ, ഗാനരചന: അജേഷ് ചന്ദ്രൻ, അനുപമ, സംഗീതം: രാജീവ് ശിവ, ബാബുകൃഷ്ണ. പി.ആർ.ഒ: അജയ് തുണ്ടത്തിൽ.