mig-21

ന്യൂഡൽഹി: അതിർത്തിയിൽ സൈനിക കേന്ദ്രങ്ങൾ പാകിസ്ഥാൻ ആക്രമിച്ചെന്ന വാർത്ത സ്ഥിരീകരിച്ച് ഇന്ത്യ. വ്യോമസേനയുടെ ഒരു മിഗ് -21 വിമാനം നഷ്ടപ്പെട്ടെന്നും ഒരു പൈലറ്റിനെ കാണാനില്ലെന്നും വിദേശകാര്യ വക്താവ് രവീഷ് കുമാർ വാർത്ത സമ്മേളനത്തിൽ അറിയിച്ചു. ഒരു ഇന്ത്യൻ പൈലറ്രിനെ പാകിസ്ഥാൻ അറസ്റ്റ് ചെയ്‌തെന്ന് അവർ അവകാശപ്പെട്ടിട്ടുണ്ടെന്നും രവീഷ് കുമാർ പറഞ്ഞു. ഇതിന് പിന്നാലെ പാകിസ്ഥാന്റെ എഫ്-16 വിമാനം ഇന്ത്യൻ സേന തകർത്തെന്നും കുടുതൽ വിവരങ്ങൾ കിട്ടാനുണ്ടെന്നും അതിന് വേണ്ടി കാത്തിരിക്കുകയാണെന്നും വിദേശകാര്യ വക്താവ് പറഞ്ഞു. കൂടുതൽ ചോദ്യങ്ങളോടും പ്രതികരിച്ചില്ല. വ്യോമസേനയുടെ പ്രതിനിധി എയർ വൈസ് മാർഷൽ ആർജികെ കപൂറും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.

അതേസമയം, അതിർത്തിയിൽ യുദ്ധസാഹചര്യം നിലവിൽ വന്നതോടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അദ്ധ്യക്ഷതയിൽ ഉന്നതാധികാരികളുടെ യോഗം ഡൽഹിയിൽ ആരംഭിച്ചു. ദേശിയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ, പ്രതിരോധ- വിദേശകാര്യ സെക്രട്ടറിമാർ യോഗത്തിൽ പങ്കെടുക്കുന്നുണ്ട്.

രാവിലെയാണ് ഇന്ത്യൻ വ്യോമാതിർത്തി ലംഘിച്ച് മൂന്ന് പാക് യുദ്ധവിമാനങ്ങൾ രജൗറി ജില്ലയിലെ നൗഷേറ സെക്ടറിൽ പ്രവേശിച്ചത്. തൊട്ടുപിന്നാലെ തന്നെ ഇവയെ ഇന്ത്യൻ വ്യോമസേന തുരത്തി. വ്യോമാതിർത്തിയിൽ പെട്രോളിങ് നടത്തിയിരുന്ന വിമാനങ്ങളാണ് പാക് വിമാനത്തെ തുരത്തിയത്. പാക്കിസ്ഥാന്റെ ഒരു എഫ് 16 വിമാനം നൗഷേറയിലെ ലാം വാലിയിൽവച്ച് ഇന്ത്യൻ സേന വെടിവച്ചിട്ടു. ഇതിൽനിന്ന് ഒരാൾ പാരച്ച്യൂട്ടിൽ രക്ഷപെട്ടുവെന്ന് വാർത്താ ഏജൻസിയായ എ.എൻ.ഐ റിപ്പോർട്ടു ചെയ്തു.


പുൽവാമ ഭീകരാക്രമണത്തിനു മറുപടിയായി ഇന്ത്യ തിരിച്ചടിച്ചതിനു പിന്നാലെ തന്നെ അതിർത്തിയിൽ പാകിസ്ഥാൻ പ്രകോപനം തുടർന്നിരുന്നു. പുലർച്ച നടന്ന ഏറ്റുമുട്ടലിൽ രണ്ടു ഭീകരരെ സേന വധിക്കുകയും ചെയ്തു. പാക് ഭീകരകേന്ദ്രം ആക്രമിച്ചതോടെ അതിർത്തിയിൽ ഇന്ത്യ സുരക്ഷ ശക്തമാക്കിയിരുന്നു. തിരിച്ചടിക്കുമെന്ന് പാകിസ്ഥാൻ ഇന്നലെ വ്യക്തമാക്കിയിരുന്നു.