തട്ടിൻപ്പുറത്ത് അച്യുതനു ശേഷം ലാൽ ജോസ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ബിജു മേനോനും നിമിഷ സജയനും കേന്ദ്ര കഥാപാത്രങ്ങളാകുന്നു. കണ്ണൂരിന്റെ സാമൂഹിക രാഷ്ട്രീയ പശ്ചാത്തലത്തിൽ കഥ പറയുന്ന ചിത്രമാണിതെന്ന് അറിയുന്നത്.
നവാഗതനായ പ്രഗീഷ് പി.ജി ആണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത്. സുരേഷ് കൃഷ്ണ, ഇന്ദ്രൻസ് എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. എസ്. കുമാർ ഛായാഗ്രഹണവും രഞ്ജൻ എബ്രഹാം എഡിറ്റിംഗും അജയൻ മങ്ങാട് കലാസംവിധാനവും നിർവ്വഹിക്കും. എൽ ജെ ഫിലിംസ് ആണ് ചിത്രത്തിന്റെ വിതരണക്കാർ. മാർച്ച് ആദ്യ ആഴ്ച തലശ്ശേരിയിൽ ചിത്രീകരണം ആരംഭിക്കും.
കണ്ണൂർ ഭാഷയ്ക്ക് ഏറെ പ്രാധാന്യമുള്ള ചിത്രത്തിൽ അമച്വർ നാടക പ്രവർത്തകരും പുതുമുഖങ്ങളും ഉണ്ടാകും. നാദിർഷ സംവിധാനം ചെയ്യുന്ന മേരാ നാം ഷാജി, ‘വെള്ളിമൂങ്ങ’യ്ക്കു ശേഷം സംവിധായകൻ ജിബു ജേക്കബിനൊപ്പം ഒന്നിക്കുന്ന ‘ആദ്യരാത്രി’എന്നിവയാണ് ബിജു മേനോന്റെതായി അണിയറയിൽ ഒരുങ്ങുന്ന ചിത്രങ്ങൾ.
സനൽകുമാർ ശശിധരൻ ഒരുക്കുന്ന ചോലയാണ് നിമിഷയുടേതായി ഉടൻ റിലീസാകുന്ന ചിത്രം. 15 വയസുള്ള ജാനു എന്ന സ്കൂൾ കുട്ടിയായാണ് നിമിഷ ചിത്രത്തിൽ അഭിനയിക്കുന്നത്. ജോജുവും പുതുമുഖം അഖിലുമാണ് ചിത്രത്തിലെ പ്രധാന താരങ്ങൾ.