സംവിധാനം ചെയ്ത ചിത്രം പാതി വഴിയിൽ ഉപേക്ഷിച്ച് മറ്റൊരു സിനിമ സംവിധാനം ചെയ്ത കൃഷിനെ പരിഹസിച്ച് നടി കങ്കണ രണാവത്ത് രംഗത്ത്. കൃഷിന്റെ പുതിയ ചിത്രമായ എൻ.ടി.ആർ തിയേറ്ററിൽ പരാജയപ്പെട്ടതിനെ തുടർന്നാണ് താരം സംവിധായകനെതിരെ രംഗത്തെത്തിയത്. ഒരു സിനിമാ മാദ്ധ്യമത്തിനു നൽകിയ അഭിമുഖത്തിലായിരുന്നു കങ്കണ പൊട്ടിത്തെറിച്ചത്. തന്റെ ചോരയ്ക്കായി കാത്തിരുന്നവർക്ക് മറുപടി നൽകാനുള്ള സമയമാണിതെന്നും താരം പറയുന്നു.
'എൻ.ടി.ആറിന്റെ പരാജയത്തെക്കുറിച്ച് ഞാനും അറിഞ്ഞു. ഒരു അഭിനേതാവിന്റെ കരിയറിലെ കറുത്ത ഏടാണ് ഇത്. കൃഷിനെ വിശ്വസിക്കുകയും നഷ്ടപ്പെടുത്തുകയും ചെയ്ത ബാലകൃഷ്ണ സാറിന്റെ മനസിനൊപ്പമാണ് ഞാൻ. പക്ഷേ എന്നെ സംബന്ധിച്ചിടത്തോളം ഇത് എന്റെ രക്തത്തിനായി കാത്തിരുന്ന, പ്രേക്ഷക പ്രശംസ നേടുകയും വിജയമാകുകയും ചെയ്ത മണികർണികയെ പ്രശ്നങ്ങളുടെ നടുവിൽ വച്ച് ഏറ്റെടുത്തതിന് എന്നെ ഉപദ്രവിച്ച കഴുകന്മാരെ ചോദ്യം ചെയ്യാനുളള സമയമാണ്.
എറ്റവും ലജ്ജാവഹമായ ഒരു കാര്യം കൃഷും അയാൾ പണം നൽകിയവരും കൂടി സിനിമയ്ക്കെതിരെ വിദ്വേഷകരമായ ക്യാമ്പയിനുകൾ നടത്തിയിരുന്നു. ഞാൻ ഇപ്പോൾ അവരെ ഓർത്ത് ലജ്ജിക്കുന്നു. നമ്മുടെ സ്വാതന്ത്ര്യ സമര സേനാനികൾ ഇതുപോലെയുള്ള നന്ദിയില്ലാത്ത വിഡ്ഢികൾക്കായാണ് അവരുടെ രക്തം നൽകിയത്' - കങ്കണ രോഷത്തോടെ പറഞ്ഞു.
140 കോടി ബഡ്ജറ്റിലാണ് കൃഷ് എൻ.ടി.ആറിന്റെ ജീവിതം വെള്ളിത്തിരയിൽ അവതരിപ്പിച്ചത്. എൻ.ടി.ആറിന്റെ മകനും നടനുമായ നന്ദമൂരി ബാലകൃഷ്ണയാണ് കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ചത്. രണ്ടു ഭാഗങ്ങളായി എത്തിയ ചിത്രം വെള്ളിത്തിരയിൽ പരാജയപ്പെടുകയായിരുന്നു.