ന്യൂഡൽഹി: ഭീകരവാദത്തിനെതിരായ പോരാട്ടത്തിൽ ഇന്ത്യയുമായി കൈകോർത്ത് ചൈനയും റഷ്യയും. ഭീകരപ്രവർത്തനങ്ങൾക്കെതിരെ ഒന്നിച്ച് നിൽക്കുമെന്ന് സംയുക്ത പ്രസ്താവനയുമായി ഇന്ത്യയും ചൈനയും റഷ്യയും രംഗത്തെത്തി. കിഴക്കൻ ചൈനയിൽ നടന്ന ഇന്ത്യ ചൈന റഷ്യ വിദേശകാര്യ മന്ത്രിമാരുടെ യോഗത്തിന് ശേഷമാണ് സംയുക്ത പ്രസ്താവന പുറത്തിറക്കിയത്.
ഭീകരരെ സൃഷ്ടിക്കുന്ന പ്രവണതകളെ ഒരിക്കലും പ്രോഹത്സാഹിപ്പിക്കില്ല, തീവ്രവാദത്തിന്റെ വേരറുത്തെറിയുക എന്ന ലക്ഷ്യത്തോടെയാണ് ഇന്ത്യയും ചൈനയും റഷ്യയും ഒന്നിച്ച് നിൽക്കാൻ തീരുമാനിച്ചതെന്നും ചൈനയുടെ വിദേശകാര്യ മന്ത്രി വാങ് യി വ്യക്തമാക്കി.
ഇന്ത്യയുടെയും പാകിസ്ഥാന്റെയും പൊതു സുഹൃത്തെന്ന നിലയിൽ ഇപ്പോഴുള്ള പ്രശ്നങ്ങൾ പെട്ടെന്ന് പരിഹരിക്കണമെന്നും അതിർത്തി പ്രദേശങ്ങളിൽ സമാധാനം പുനസ്ഥാപിക്കണമെന്നും റഷ്യൻ വിദേശകാര്യ മന്ത്രി സെർജി ലാർവോവ് പറഞ്ഞു.
ഒരു തരത്തിലുള്ള ഭീകരവാദത്തെയും പ്രോഹത്സാഹിപ്പിക്കില്ലെന്ന് പ്രസ്താവനയിൽ വിശദമാക്കുന്നു. പുൽവാമ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ ഇന്ത്യ സംയമനം പാലിക്കണമെന്നും ചൈന ആവശ്യപ്പെട്ടു. നിയന്ത്രണ രേഖയിൽ പാകിസ്ഥാൻ പ്രകോപനപരമായ നടപടികൾ തുടരുന്നതിനിടെയാണ് ഇന്ത്യയും, ചൈനയും, റഷ്യയും പ്രസ്താവന പുറത്തിറക്കിയത്.