ന്യൂഡൽഹി: ജയ്‌ഷെ ഭീകരക്യാമ്പുകളിലെ ഇന്ത്യൻ പ്രഹരത്തിന് തിരിച്ചടിയായി ഇന്നലെ കാശ്‌മീർ അതിർത്തിയിൽ ആക്രമണത്തിന് ശ്രമിച്ച പാകിസ്ഥാന്റെ പോർവിമാനങ്ങളെ ഇന്ത്യൻ പോർവിമാനങ്ങൾ തുരത്തി. ഒരു പാക് വിമാനം ഇന്ത്യ വെടിവച്ചിട്ടതായും ആ ദൗത്യത്തിനിടെ ഇന്ത്യയുടെ ഒരു മിഗ് - 21 യുദ്ധവിമാനം തകർന്നതായും വിദേശകാര്യ വക്താവ് രവീഷ് കുമാർ അറിയിച്ചു. പാക് പ്രദേശത്ത് വീണ ഇന്ത്യൻ വിമാനത്തിന്റെ പൈലറ്റ് വിംഗ് കമാൻഡർ അഭിനന്ദനെ പാക് പട്ടാളം ബന്ദിയാക്കി. ഇന്നലെ സന്ധ്യയോടെ ആ വിവരം സ്ഥിരീകരിച്ച ഇന്ത്യ, പൈലറ്റിനെ എത്രയും വേഗം സുരക്ഷിതനായി തിരിച്ചെത്തിക്കണമെന്നും ഇല്ലെങ്കിൽ രാജ്യതാത്പര്യം മുൻനിറുത്തി അതിനായി നടപടികൾ സ്വീകരിക്കുമെന്നും
പാകിസ്ഥാന് മുന്നറിയിപ്പ് നൽകി.
കസ്റ്റഡിയിലുള്ള ഇന്ത്യൻ പൈലറ്റിന്റേതെന്ന് അവകാശപ്പെട്ട് പാകിസ്ഥാൻ ഒരു വീഡിയോ പുറത്തിറക്കി. പൈലറ്റിന്റെ ജാക്കറ്റിലെ ഇന്ത്യൻ വ്യോമ സേനയുടേതെന്ന് തോന്നിക്കുന്ന ബാഡ്ജിൽ അഭി എന്ന് ഇംഗ്ലീഷിൽ പേരെഴുതിയിട്ടുണ്ട്. അശോക ചക്രവും കാണാം.
പാക് വിമാനം നൗഷേരയിലെ ലാം വാലിയിലാണ് ഇന്ത്യൻ സേന വെടിവച്ചിട്ടത്. പാക് പ്രദേശത്ത് മൂന്ന് കിലോമീറ്റർ ഉള്ളിൽ വീണ ഈ വിമാനത്തിലെ പൈലറ്റ് പാരച്ച്യൂട്ടിൽ രക്ഷപ്പെട്ടതായി റിപ്പോർട്ടുണ്ട്.
അതേസമയം, ഇന്ത്യയുമായുള്ള പ്രശ്‌നങ്ങൾ ചർച്ച ചെയ്‌ത് പരിഹരിക്കാമെന്ന് പാകിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ നിർദ്ദേശിച്ചു.
പുതിയ സംഭവ വികാസങ്ങളെ തുടർന്ന് അതിർത്തിയിൽ യുദ്ധകാലത്തെന്ന പോലെയുള്ള സംഘർഷാവസ്ഥ നിലനിൽക്കുകയാണ്. ജനവാസ മേഖലയിലടക്കം വെടിവയ്പും ഷെൽ വർഷവും തുടരുന്നു. കാശ്‌മീരിൽ രണ്ട് ഭീകരരെ സുരക്ഷാ സേന വധിച്ചു. പാക് വിമാനങ്ങൾ ഇന്ത്യൻ അതിർത്തി കടന്ന വിവരം പുറത്തു വന്നതോടെ പരിഭ്രാന്തി പടർന്ന ഉത്തരേന്ത്യയിലെങ്ങും അതീവ ജാഗ്രത പ്രഖ്യാപിച്ചു.
അതിനിടെ നിയന്ത്രണ രേഖയ്‌ക്ക് സമീപം ബദ്ഗാമിൽ ഇന്ത്യൻ വ്യോമസേനയുടെ ഒരു എം.ഐ 17 ഹെലികോപ്ടർ തകർന്ന് ഏഴ് ഉദ്യോഗസ്ഥർ മരണമടഞ്ഞു. സാങ്കേതിക തകരാറാണ് കാരണമെന്നാണ് ഔദ്യോഗിക വിശദീകരണം.
ഇന്നലെ രാവിലെ ജമ്മു കാശ്‌മീരിലെ പൂഞ്ച്, നൗഷേര സെക്ടറുകളിലാണ് പാകിസ്ഥാൻ പോർവിമാനങ്ങൾ ഇന്ത്യൻ വ്യോമാതിർത്തി ലംഘിച്ചത്.
അതിർത്തിയിലെ ഇന്ത്യൻ സൈനിക കേന്ദ്രത്തിലെ വെടിക്കോപ്പു ശാലയ്‌ക്ക് നേരെ പാക് വിമാനങ്ങൾ ബോംബിട്ടതായും റിപ്പോർട്ടുണ്ട്. വ്യോമാതിർത്തിയിൽ പട്രോളിംഗ് നടത്തിയ ഇന്ത്യൻ വിമാനങ്ങൾ ഒരു പാക് വിമാനത്തെ വെടിവച്ചിട്ടു കൊണ്ട് തിരിച്ചടിച്ചതോടെ പാക് വിമാനങ്ങൾ പിൻവാങ്ങി. ആ ദൗത്യത്തിനിടെയാണ് ഇന്ത്യൻ മിഗ് 21 തകർന്നത്. എന്നാൽ ഈ വിമാനം തങ്ങൾ വെടിവച്ചിട്ടതാണെന്നാണ് പാക് അവകാശവാദം.
തങ്ങളുടെ പോർവിമാനങ്ങൾ ഇന്ത്യൻ വ്യോമാതിർത്തി ലംഘിച്ചെന്നും ചെറുക്കാൻ വന്ന രണ്ട് ഇന്ത്യൻ വിമാനങ്ങളെ വെടിവച്ചിട്ടെന്നും രണ്ട് ഇന്ത്യൻ പൈലറ്റുമാരെ അറസ്റ്റ് ചെയ്‌തെന്നുമാണ് പാകിസ്ഥാൻ ആദ്യം അവകാശപ്പെട്ടത്. എന്നാൽ വിംഗ് കമാൻഡർ അഭിനന്ദൻ മാത്രമാണ് കസ്റ്റഡിയിൽ ഉള്ളതെന്നും അദ്ദേഹത്തോട് സൈനികമര്യാദകൾ പാലിക്കുന്നുണ്ടെന്നും പാക് സേനാ വക്താവ് മേജർ ജനറൽ അസീഫ് ഗഫൂർ അറിയിച്ചു.
പാക് വിമാനങ്ങൾ 12
പാകിസ്ഥാന്റെ 12 വിമാനങ്ങളാണ് ഇന്ത്യൻ വ്യോമാതിർത്തി ലംഘിച്ചത്.
നാല് മിറാഷ് വിമാനങ്ങളും നാല് എഫ് -16 വിമാനങ്ങളും നാല് ജെ.എഫ് -17 വിമാനങ്ങളും.
രജൗരി ജില്ലയിലെ കലാൽ മേഖലയിലൂടെയാണ് പാക് വിമാനങ്ങൾ വന്നത്. അതിർത്തിയിലെ ഇന്ത്യൻ വെടിക്കോപ്പു ശാലയായിരുന്നു ഉന്നം.
ഇന്ത്യൻ പോർവിമാനങ്ങളുടെ കോംബാറ്റ് എയർ പട്രോൾ പാക് വിമാനപ്പടയെ ചെറുത്തു
ഈ സംഘത്തിൽ അംഗമായിരുന്നു തകർന്ന മിഗ് 21 വിമാനവും അതിലെ പൈലറ്റും
വിമാനത്താവളങ്ങളിൽ ജാഗ്രത
സംഘർഷത്തെ തുടർന്ന് ജമ്മു കാശ്‌മീരിലേതുൾപ്പെടെ ഉത്തരേന്ത്യയിലെ പതിന്നാല് വിമാനത്താവളങ്ങൾ അടച്ചിരുന്നു. അവയെല്ലാം ഇന്നലെ വൈകുന്നേരത്തോടെ സാധാരണ നിലയിലായി.
പാകിസ്ഥാൻ വ്യോമാതിർത്തി ലംഘിച്ചത് ചർച്ച ചെയ്യാൻ പ്രധാനമന്ത്രിയുടെ ഓഫീസിൽ സുരക്ഷാ, ഇന്റലിജൻസ് ഉദ്യോഗസ്ഥർ യോഗം ചേർന്നു.
പാക് ഡെപ്യൂട്ടി ഹൈക്കമ്മിഷണർ സയ്യിദ് ഹൈദർ ഷായെ വിദേശകാര്യ സെക്രട്ടറിയുടെ ഒാഫീസിൽ വിളിപ്പിച്ച് പൈലറ്റിനെ തടവിലാക്കിയതിലെ പ്രതിഷേധം അറിയിച്ചു.
വിദേശകാര്യമന്ത്രി സുഷമാ സ്വരാജ് ചൈനയിൽ എത്തി
ഇസ്ലാമിക രാജ്യങ്ങളുടെ സമ്മേളനത്തിൽ നിന്ന് ഇന്ത്യയെ ഒഴിവാക്കണമെന്ന പാകിസ്ഥാന്റെ ആവശ്യം യു.എ.ഇ തള്ളി.