crime-

കോഴിക്കോട്: ഹോട്ടലിൽ നിന്നും ഓർഡർ ചെയ്ത കപ്പ ബിരിയാണിയിൽ ഇറച്ചിയില്ലെന്നതിന് തുടർന്നുണ്ടായ തർക്കത്തിൽ പരിക്കേറ്റയാൾ ചികിത്സയ്ക്കിടെ മരിച്ചു. കണ്ണൂർ ബ്ലാത്തൂർ സ്വദേശി വലിയവളപ്പിൽ വീട്ടിൽ ഹനീഫ് (50) ആണ് മരിച്ചത്. സംഭവത്തെ തുടർന്ന് ഹോട്ടൽ ജീവനക്കാരായ വടകര ആയഞ്ചേരി കുനിയാട് വയൽപീടികയിൽ വീട്ടിൽ നവാസ് (39), പൂവാട്ടുപറമ്പ് സ്വദേശികളായ പടിഞ്ഞാറയിൽ വീട്ടിൽ മുഹമ്മദ് ബഷീർ (48), മുണ്ടോത്ത് വീട്ടിൽ അബ്ദുൽ റഷീദ് (46), മഞ്ചേരി സ്വദേശി പാറക്കൽ വീട്ടിൽ ഹബീബ് റഹ്മാൻ (24) എന്നിവരാണ് പിടിയിലായത്. കഴിഞ്ഞ 10ാം തീയതി മാവൂർറോഡിൽ പുതിയ സ്റ്റാൻഡിനു സമീപത്തെ ഹോട്ടലിലാണ് സംഭവം.

സംഭവത്തിൽ പൊലീസ് പറയുന്നത് ഇങ്ങനെ, മദ്യലഹരിയിലെത്തിയ ഹനീഫും സുഹൃത്തുക്കളായ കൊട്ടിയൂർ സ്വദേശി പ്ലാച്ചിമല വീട്ടിൽ ജോസഫ്, പൂവാട്ടുപറമ്പ് കല്ലേരി സ്വദേശി രവി എന്നിവർ ഹോട്ടലിൽ ഭക്ഷണം കഴിക്കാനെത്തി. കഴിക്കാൻ വാങ്ങിയ കപ്പബിരിയാണിയിൽ ഇറച്ചിയില്ലെന്നു പറഞ്ഞ് തർക്കമായി. ഹോട്ടലുടമ ബഷീർ സമാധാനിപ്പിക്കാൻ എത്തിയെങ്കിലും ഹനീഫും കൂട്ടരും വഴങ്ങിയില്ല. ഹനീഫ് ജീവനക്കാരിൽ ഒരാളുടെ മുഖത്തു തുപ്പി. ക്ഷുഭിതരായ ഹോട്ടൽ ജീവനക്കാർ ഹനീഫിനെയും കൂട്ടരെയും ഹോട്ടലിൽ നിന്നു പുറത്താക്കി.

തുടർന്നു ഹോട്ടലിനു മുന്നിൽ നിന്നു ഹനീഫും കൂട്ടരും ജീവനക്കാരെയും ഉടമയെയും വെല്ലുവിളിച്ചു. ഇതിനിടെ ജീവനക്കാർ ഇവരെ മർദിച്ചു. ജോസഫും രവിയും ഓടിപ്പോയി. പിടിച്ചുതള്ളിയപ്പോൾ തലയടിച്ചു വീണ് ഹനീഫിനു പരുക്കേറ്റു. നട്ടെല്ലിനും പരുക്കേറ്റ ഹനീഫിനെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുന്നമംഗലം മജിസ്‌ട്രേട്ട് എത്തി മൊഴി രേഖപ്പെടുത്തി. കഴിഞ്ഞദിവസം ഹനീഫ് മരിച്ചു.