piolet
പാക്കിസ്ഥാൻ

ന്യൂഡൽഹി: "സോറി, ഇത്ര മാത്രമാണ് എനിക്കു പറയാനാവുക..." ദൃഢമാണ് ആ ശബ്‌ദം. ഭീതിയുടെയോ ആശങ്കയുടെയോ നിഴൽ പോലുമില്ലാത്ത സ്വരം.അതിർത്തിക്കപ്പുറം, പാക് സൈന്യം വെടിവച്ചുവീഴ്‌ത്തി, ബന്ദിയാക്കിയ വിംഗ് കമാൻഡർ അഭിനന്ദന്റെ മറുപടിയിൽ ദേശാഭിമാനത്തിന്റെയും ധീരതയുടെയും മുഴുവൻ കരുത്തുമുണ്ട്.

ഇന്നലെ രാവിലെ നിയന്ത്രണ രേഖ ഭേദിച്ച് ആക്രമണത്തിനെത്തിയ പാകിസ്ഥാന്റെ യുദ്ധവിമാനങ്ങളെ തുരത്തിയോടിക്കാൻ പുറപ്പെട്ട ഇന്ത്യൻ വ്യോമസേനാ മിഗ്- 21 വിമാനത്തിന്റെ പൈലറ്റ് ആണ് അഭിനന്ദൻ. വിമാനത്തിന് പാക് സൈന്യത്തിന്റെ വെടിയേറ്റപ്പോൾ രക്ഷപ്പേടാൻ അഭിനന്ദൻ പാരച്യൂട്ട് വിടർത്തിയിരിക്കാം. പാക് അധീന കാശ്‌മീരിലിറങ്ങിയ പൈലറ്റിനെ പാക് സൈന്യം അവിടെവച്ചുതന്നെ കസ്റ്റഡിയിലെടുക്കുകയും ചെയ്‌തിരിക്കാം.

പാക് സൈനികരുടെ കസ്റ്റഡിയിൽ, അഭിനന്ദൻ ക്രൂര മർദ്ദനത്തിന് ഇരയായതിന്റെ അടയാളങ്ങൾ പാകിസ്ഥാൻ സൈന്യം ഇന്നലെ ഉച്ചയോടെ പുറത്തുവിട്ട വിഡീയോ ദൃശ്യങ്ങളിലുണ്ട്. പക്ഷേ മൂടിക്കെട്ടിയ കണ്ണുകൾക്കു താഴെ, കവിളിലേക്ക് രക്തം ഒലിച്ചിറങ്ങുമ്പോഴും വേദനയുടെയോ ദൈന്യതയുടെയോ ലാഞ്ഛനയില്ലാതെ, ചോദ്യങ്ങൾക്ക് അക്ഷോഭ്യനായി അഭിനന്ദൻ മറുപടി പറഞ്ഞു:

"അയാം വിംഗ് കമാൻഡർ അഭിനന്ദൻ. മൈ സർവീസ് നമ്പർ ഈസ് 27981, ഫ്ലൈയിംഗ് പൈലറ്റ്." മറ്റു രാജ്യങ്ങളുടെ കസ്‌റ്റഡിയിലായാൽ പേരും സർവീസ് നമ്പറും വെളിപ്പെടുത്തണമെന്ന സൈനിക ചട്ടം പാലിച്ച അഭിനന്ദൻ, പാക് സൈന്യത്തിന്റെ മറ്റു ചോദ്യങ്ങൾക്കു മുന്നിൽ പതറാതെ ശിരസ്സുയർത്തി പറഞ്ഞു: ക്ഷമിക്കുക, ഇതു മാത്രമാണ് എനിക്കു പറയാനാവുക!

പാക് സൈനികരുടെ ചോദ്യത്തിന് മറുപടിയായി, ഹിന്ദുവാണെന്ന് അഭിനന്ദൻ വർദ്ധമാൻ പറയുന്നുണ്ട്. താൻ പാകിസ്ഥാൻ സൈന്യത്തിന്റെ പിടിയിലാണോ എന്ന് അഭിനന്ദൻ ചോദിക്കുന്നുണ്ടെങ്കിലും മറുപടിക്കു മുമ്പേ വീഡിയോ അവസാനിക്കുന്നു.

പാക് വിമാനങ്ങളെ പ്രതിരോധിക്കാൻ പുറപ്പെട്ട വ്യോമസേനാ വിമാനങ്ങളിലൊന്നിന്റെ പൈലറ്റിനെ കാണാതായെന്നു മാത്രമായിരുന്നു ഇന്നലെ വൈകുംവരെ ഇന്ത്യയുടെ വിശദീകരണം. മാദ്ധ്യമങ്ങളിൽ പാക് സൈന്യം പുറത്തുവിട്ട വീഡിയോ ദൃശ്യങ്ങൾ പ്രചരിക്കവേ, സന്ധ്യയോടെ ആ സ്ഥിരീകരണം വന്നു: അത് അഭിനന്ദൻ തന്നെ. അഭിനന്ദൻ ചെന്നൈ സ്വദേശിയെന്നും, രണ്ടു കുട്ടികളുടെ അച്ഛനെന്നും റിപ്പോർട്ടുകൾ ഉണ്ടെങ്കിലും സ്ഥിരീകരണമില്ല.

അഭിനന്ദന്റെ കണ്ണുകൾ മൂടിക്കെട്ടിയ ചിത്രങ്ങൾക്കു പിന്നാലെ, കെട്ടുകൾ അഴിച്ചുമാറ്റിയ കൈയിൽ ചായഗ്ളാസുമായി അദ്ദേഹം ഇരിക്കുന്നതിന്റെ ഫോട്ടോകൾ പാക് സൈന്യം പുറത്തുവിട്ടു. രാജ്യാന്തര സൈനിക മര്യാദകൾ പാലിച്ചാണ് തങ്ങൾ അഭിനന്ദിനോട് പെരുമാറുന്നതെന്നാണ് പാകിസ്ഥാന്റെ അവകാശവാദം.

ഒൗദ്യോഗിക യൂണിഫോമിനു മീതെ, വ്യോമസേനാ മുദ്ര‌യുള്ള ഓവർകോട്ട്. അതിൽ 'അഭി' എന്ന് ചുരുക്കപ്പേര് തുന്നിയിട്ടുണ്ട്. ഇന്ത്യയുടെ ഔദ്യോഗിക സ്ഥിരീകരണമെത്തും വരെ, വീഡിയോ ദൃശ്യത്തിലെ ഈ സൂചന മാത്രമാണുണ്ടായിരുന്നത്.

രാവിലെ പാക് സൈന്യത്തിന്റെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിൽ പോസ്റ്റ് ചെയ്തിരുന്ന വീഡിയോ പിന്നീട് നീക്കം ചെയ്‌തതോടെ ദൃശ്യങ്ങളുടെ ആധികാരികത സംബന്ധിച്ച സംശയമുയർന്നിരുന്നെങ്കിലും, മാധ്യമങ്ങളിൽ പ്രചരിച്ച പേര് വ്യാജമെന്ന് ഇന്ത്യ പ്രതികരിക്കാതിരുന്നപ്പോഴേ അറിയാമായിരുന്നു, അതൊരു വേദനിപ്പിക്കുന്ന സത്യമെന്ന്.