airport

ന്യൂഡൽഹി: അതിർത്തിയിലെ സംഘർഷത്തെ തുടർന്ന് ഇന്ത്യയിലെ 9 വിമാനത്താവളങ്ങളിൽ ഏർപ്പെടുത്തിയിരുന്ന നിയന്ത്രണം പിൻവലിച്ചു. വിമാനസർവീസുകൾ ഉടൻ പുനഃസ്ഥാപിക്കുമെന്ന് എയർപോർട്ട് അതോറിട്ടി ഓഫ് ഇന്ത്യ അറിയിച്ചു. . ജമ്മു,ലേ,​ ശ്രീനഗർ,​ അമൃത്സർ, ചണ്ഡിഗഢ്,​ കുളു- മണാലിസ കൺഗ്ര,​ ഷിംല,​ പിതോരഗഢ് എന്നീ വിമാനത്താവളങ്ങളുടെ പ്രവർത്തനങ്ങളാണ് നിറുത്തിവച്ചിരുന്നത്.

പാക് പ്രകോപനത്തെ തുടർന്നാണ് വിമാനത്താവളങ്ങൾ അഞ്ച് മണിക്കൂറിലേറെ അടച്ചിട്ടത്. അതേസമയം ശ്രീനഗർ വിമാനത്താവളത്തിന്റെ നിയന്ത്രണം വ്യോമസേന ഏറ്റെടുത്തു. ഈ പ്രദേശങ്ങൾ വ്യോമനിരോധിതമേഖലയായി പ്രഖ്യാപിച്ചു. പത്താൻകോട്ട് – ജമ്മു ദേശീയപാതയുടെ നിയന്ത്രണവും സൈന്യം ഏറ്റെടുത്തു. അവധിയിലുള്ള വ്യോമസേനാംഗങ്ങളെ തിരിച്ചുവിളിച്ചിട്ടുണ്ട്.

ഏതു സാഹചര്യവും നേരിടാൻ സജ്ജരാകണമെന്ന് അർദ്ധ സൈനികവിഭാഗങ്ങൾക്കും നിർദ്ദേശം നൽകി. കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗ് ദേശീയ സുരക്ഷാ ഉപദേഷ്ടാവുമായും രഹസ്യാന്വേഷണവിഭാഗങ്ങളുടെ മേധാവികളുമായും അടിയന്തരചർച്ച നടത്തി. പ്രതിരോധമന്ത്രി നിർമ്മല സീതാരാമൻ സൈനിക മേധാവികളുടെ യോഗം വിളിച്ചിട്ടുണ്ട്. തിരിച്ചടിയുണ്ടാകാനുള്ള സാദ്ധ്യത മുൻനിറുത്തി ലാഹോർ, ഇസ്‌ലാമബാദ്, ഫൈസലാബാദ് എയർപോർട്ടുകൾ പാകിസ്ഥാൻ അടച്ചിട്ടു.