ന്യൂഡൽഹി∙ പാക്കിസ്ഥാനിലെ അബട്ടാബാദിൽ ഒളിവിൽ കഴിഞ്ഞിരുന്ന അൽ ഖ്വയിദ് തലവൻ ബിൻ ലാദനെ അമേരിക്കയ്ക്ക് വധിക്കാൻ കഴിയുമെങ്കിൽ വീണ്ടുമൊരു അബട്ടാബാദ് ആവർത്തിക്കാൻ ഇന്ത്യക്കും കഴിയുമെന്ന് കേന്ദ്രമന്ത്രി അരുൺ ജയ്റ്റ്ലി. പാകിസ്ഥാനിൽ ഒളിവിൽ കഴിയുന്ന കൊടുംഭീകരൻ മസൂദ് അസറിനെ വധിക്കാൻ ഇന്ത്യ മടിക്കില്ലെന്ന സൂചനയാണ് അരുൺ ജയ്റ്റ്ലി നൽകിയത്.
ഇന്നത്തെ ഇന്ത്യയുടെ സ്ഥിതി വച്ച് എന്തും ചെയ്യാനാകും. രാജ്യം ഞങ്ങൾക്കൊപ്പമാണെന്നും അദ്ദേഹം പറഞ്ഞു. ഇന്നലെ പുലർച്ചെ പാകിസ്ഥാനിലെ ബാലകോട്ടിലേക്ക് നടത്തിയ വ്യോമാക്രമണത്തിൽ ജയ്ഷെ ഭീകരൻ മൗലാന യൂസുഫ് അസറിനെ ഇന്ത്യ വധിച്ചിരുന്നു. ജയ്ഷെ ഭീകരൻ മസൂദ് അസറിന്റെ ഭാര്യാ സഹോദരനും അടുത്ത അനുയായിയുമാണ് മുഹമ്മദ് സലീമെന്നും ഉസ്താദ് ഗോറിയെന്നും വിളിപ്പേരുള്ള യൂസുഫ് അസർ. 1999ലെ കാണ്ഡഹാർ വിമാന റാഞ്ചലിനു പിന്നിൽ പ്രവർത്തിച്ചത് യൂസുഫ് അസറായിരുന്നു. 20 വർഷത്തോളമായി ഇന്ത്യ വകവരുത്താൻ ശ്രമിക്കുകയായിരുന്നു. 2002ൽ ഇന്ത്യ പാകിസ്ഥാന് കൈമാറിയ പിടികിട്ടാപ്പുള്ളികളുടെ പട്ടികയിൽ യൂസുഫ് അസറിന്റെ പേരും ഉൾപ്പെട്ടിരുന്നു.