ബെയ്ജിംഗ്: ഭീകരവാദത്തിൽ ഇന്ത്യയുടെ നിലപാടിനെ അംഗീകരിച്ചും പാകിസ്ഥാനെ തള്ളിപ്പറയാതെയും
പതിനാറാമത് റഷ്യ-ഇന്ത്യ-ചൈന (റിക്) ത്രിരാഷ്ട്ര ഉച്ചകോടിയിൽ ചൈനയുടെ പ്രസ്താവന.
ഭീകരസംഘടനകളെ ഒരുതരത്തിലും പിന്തുണയ്ക്കുകയോ രാഷ്ട്രീയ, രാഷ്ട്രതന്ത്രങ്ങളിൽ ഉപയോഗിക്കുകയോ ചെയ്യരുതെന്നും ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യി പറഞ്ഞു.
ഭീകരർക്കെതിരെ ഇന്ത്യയുടെ പോരാട്ടത്തെ അദ്ദേഹം പ്രശംസിച്ചെങ്കിലും പാകിസ്ഥാനെതിരെ ഒന്നും പറഞ്ഞില്ല. ചൈനയിൽ നടന്ന യോഗത്തിൽ മൂന്ന് രാജ്യങ്ങളിലെയും വിദേശകാര്യമന്ത്രിമാരാണ് പങ്കെടുത്തത്. ഇന്ത്യയെ പ്രതിനിധീകരിച്ച് വിദേശകാര്യമന്ത്രി സുഷമാ സ്വരാജും റഷ്യയ്ക്കായി സെർജി ലാവ്‌റോവും പങ്കെടുത്തു.
യു.എന്നിന്റെ നേതൃത്വത്തിലുള്ള ആഗോള ഭീകരവിരുദ്ധ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്താൻ രാജ്യാന്തര സമൂഹത്തെ ആഹ്വാനം ചെയ്തു. യു.എൻ രക്ഷാസമിതിയുടെ നിർദ്ദേശങ്ങൾ പൂർണമായി പാലിക്കപ്പെടണം. എല്ലാ രാജ്യങ്ങളുടെയും പരമാധികാരം ആദരിച്ചുകൊണ്ട് രാജ്യാന്തര നിയമം നടപ്പാക്കണം’– സംയുക്ത പ്രസ്താവനയിൽ റിക് രാജ്യങ്ങൾ അറിയിച്ചു. ഭീകരസംഘടനകളുമായി പോരാട്ടം തുടരുന്ന ലിബിയയ്ക്കുള്ള പിന്തുണയും മൂന്ന് രാജ്യങ്ങളും അറിയിച്ചു.
ഭീകരതയോട് വിട്ടുവീഴ്ചയില്ല: സുഷമ
ജയ്ഷെ മുഹമ്മദ് ക്യാമ്പിൽ ഇന്ത്യ നടത്തിയ വ്യോമാക്രമണം സൈനികനടപടിയായിരുന്നില്ലെന്ന് വിദേശകാര്യമന്ത്രി സുഷമാ സ്വരാജ് റിക് ഉച്ചകോടിയിൽ പറഞ്ഞു. ഭീകരർക്കെതിരെ പാകിസ്ഥാൻ നടപടിയെടുക്കില്ലെന്നുറപ്പായതുകൊണ്ടാണ് വ്യോമാക്രമണം നടത്തേണ്ടിവന്നത്.
ഇത് പാക് സൈന്യത്തിനോ ജനങ്ങൾക്കോ എതിരായ നടപടി ആയിരുന്നില്ലെന്നും ചൈനീസ് വിദേശകാര്യമന്ത്രിയുമായി നടത്തിയ ചർച്ചയ്ക്കുശേഷം സുഷമാ സ്വരാജ് പറഞ്ഞു. ജയ്ഷെ മുഹമ്മദ് സ്ഥാപകൻ മൗലാന മസൂദ് അസറിനെ ആഗോള ഭീകരനായി പ്രഖ്യാപിക്കാനുള്ള നീക്കത്തിന് തടസം നിൽക്കരുതെന്നും വാങ് യിയുമായുള്ള ചർച്ചയിൽ സുഷമാ സ്വരാജ് അഭ്യർത്ഥിച്ചു.