ന്യൂഡൽഹി: ഇന്ത്യൻ വ്യോമസേനാ പെെലറ്റ് അഭിനന്ദൻ പാക്കിസ്ഥാന്റെ പിടിയിലായെന്ന് ഇന്ത്യ സ്ഥിരീകരിച്ചു. എത്രയും പെട്ടെന്ന് ഉദ്യോഗസ്ഥനെ തിരിച്ച് അയക്കാൻ പാക്കിസ്ഥാന് ഇന്ത്യ താക്കീത് നൽകി. പിടിയിലായ അഭിനന്ദന്റെ പേരിൽ വീഡിയോയും ചിത്രങ്ങളും പ്രചരിപ്പിക്കുന്നത് അന്താരാഷ്ട്ര മര്യാദകളുടെ ലംഘനമാണെന്ന് ഇന്ത്യ വിശദീകരിച്ചു.
അതിർത്തി കടന്ന് വന്ന പാക്കിസ്ഥാൻ യുദ്ധവിമാനത്തെ തുരത്തുന്നതിനിടയിലാണ് മിഗ്- 21 വിമാനം പാക് അതിർത്തിയിൽ തകർന്നു വീണത്. അപകടത്തിൽ നിന്ന് അഭിനന്ദൻ രക്ഷപ്പെട്ടെങ്കിലും പാകിസ്ഥാൻ സെെന്യവും പ്രദേശവാസികളും പിടികൂടുകയായിരുന്നു. പാക് അധീന കാശ്മീരിലാണ് വിമാനം തകർന്നു വീണത്. ഇതേ സമയം പ്രദേശവാസികളിൽ നിന്ന് അഭിനന്ദന് ക്രൂരമായി മർദനമേറ്റതായും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.
ജനീവ കൺവെൻഷൻ പ്രകാരമുള്ള മര്യാദ സെെനികനോട് പാകിസ്ഥാൻ കാണിച്ചില്ലെന്ന് ഇന്ത്യ കുറ്റപ്പെടുത്തി. വളരെ മോശമായ തരത്തിലുള്ള വീഡിയോ ആണ് അഭിനന്ദന്റെ പേരിൽ പ്രചരിക്കുന്നത്. ഇന്ത്യൻ വ്യോമസേന ഉദ്യോഗസ്ഥന് എല്ലാ സുരക്ഷയും നൽകേണ്ട ഉത്തരവാദിത്തം പാകിസ്ഥാനുണ്ട്. സുരക്ഷിതമായി വ്യോമസേന ഉദ്യോഗസ്ഥനെ തിരിച്ചയക്കുമെന്നാണ് ഇന്ത്യ പ്രതീക്ഷിക്കുന്നതെന്നും റിപ്പോർട്ടിൽ പറയുന്നു