കൊച്ചി: വീടുകളും ചെറിയ വ്യവസായ കേന്ദ്രങ്ങളും കുറഞ്ഞ ചെലവിൽ അതിവേഗം നിർമ്മിക്കാനുള്ള 'പ്രീ ഫാബ്രിക്കേറ്റഡ് ഹൗസിംഗ്" പദ്ധതി പൂനെ ആസ്ഥാനമായുള്ള സഹ്യാദ്രി ഇൻഡസ്‌ട്രീസ് കേരളത്തിൽ അവതരിപ്പിച്ചു. നിർമ്മാണം പൂർത്തിയായ ഘടകങ്ങൾ സ്ഥലത്തെത്തിച്ച് കൂട്ടിയോജിപ്പിച്ച് ഭവനങ്ങൾ നിർമ്മിക്കുന്ന എസ്3 സിൽബിൾഡ് പദ്ധതിയാണ് അവതരിപ്പിച്ചത്.
ഫൈബർ സിമന്റ് ബോർഡ് അധിഷ്‌ഠിത നിർമ്മാണമാണ് നടത്തുന്നതെന്നും വെള്ളപ്പൊക്കം, തീ, ചോർച്ച, ഭൂമികുലുക്കം എന്നിവ പ്രതിരോധിക്കാൻ ഇതിന് കഴിയുമെന്നും സഹ്യാദ്രി ഇൻഡസ്‌ട്രീസ് സീനിയർ പ്രസിഡന്റ് (മാർക്കറ്രിംഗ്) വി.ടി. രബീന്ദ്രനാഥ് പറഞ്ഞു. ഏറെക്കാലം ഈടുനിൽക്കുമെന്നതും പ്രത്യേകതയാണ്. പ്രളയാനന്തര കേരളത്തിൽ വീടുകളുടെ പുനർനിർമ്മാണത്തിന് ഏറെ അനുയോജ്യമായ ആശയമാണിത്. 3,000 ചതുരശ്ര അടിയുള്ള വീടിന്റെ നിർമ്മാണം ഈ രീതിയിലാണെങ്കിൽ രണ്ടാഴ്‌ചകൊണ്ട് പൂർത്തിയാക്കാം. മൊത്തം ചെലവിൽ 35-50 ശതമാനം വരെ ലഭിക്കാനുമാകും. റൂഫിംഗ് ഷീറ്രാണ് മേൽക്കൂരയ്ക്ക് ഉപയോഗിക്കുന്നത്.
പ്രതിമാസം 400 ടൺ ഫൈബർ സിമന്റ് ബോർഡിന്റെ വില്‌പനയാണ് കമ്പനി കേരളത്തിൽ രേഖപ്പെടുത്തുന്നത്. ഒരുവർഷത്തിനകം ഇത് ആയിരം ടണ്ണായി ഉയർത്തുകയാണ് ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.