കാഠ്മണ്ഡു: നേപ്പാളിലെ ടൂറിസം മന്ത്രി രബീന്ദ്ര അധികാരി ഉൾപ്പെടെ ഏഴുപേർ ഹെലികോപ്ടർ അപകടത്തിൽ കൊല്ലപ്പെട്ടു. നേപ്പാളിലെ തെഹ്‌റാതും ജില്ലയിലാണ് ഹെലികോപ്ടർ തകർന്നത്.
മന്ത്രിക്ക് പുറമെ വ്യോമയാന രംഗത്തെ വ്യവസായിയായ ആംഗ് സെരിംഗ് ഷെർപ, പ്രധാനമന്ത്രിയുടെ പേഴ്സണൽ സെക്രട്ടറി കെ.പി. ശർമ, സിവിൽ ഏവിയേഷൻ ഡെപ്യൂട്ടി ഡയറക്ടർ ജനറൽ ബിരേന്ദ്ര പ്രസാദ് ശ്രേഷ്ഠ എന്നിവരും മരിച്ചവരിൽ ഉൾപ്പെടുന്നു.
ഹെലികോപ്ടർ കാണാതായെന്ന റിപ്പോർട്ടുകൾ വന്ന് മിനിട്ടുകൾക്കകം അപകടം നടന്ന സ്ഥലത്ത് വലിയ തീഗോളം കണ്ടതായി പ്രദേശവാസികൾ പറഞ്ഞിരുന്നു.
പ്രതിഭാര ക്ഷേത്രം സന്ദർശിക്കാനും ചുഹാൻ ദൻഡ വിമാനത്താവളത്തിലെ നിർമാണം വിലയിരുത്താനുമായിരുന്നു മന്ത്രിയുടെയും സംഘത്തിന്റെയും യാത്ര. അപകടത്തിന് പിന്നാലെ പ്രധാനമന്ത്രി അടിയന്തര മന്ത്രിസഭാ യോഗം വിളിച്ചിട്ടുണ്ട്.