കടയ്ക്കൽ: പാങ്ങലുകാട് ഗണപതിനട റാഫി മൻസിലിൽ റംലാബീവിയെ കൊലപ്പെടുത്തിയ കേസിൽ അറസ്റ്റിലായ ഭർത്താവ് ഉൾപ്പെടെ നാലു പ്രതികളെ റിമാൻഡ് ചെയ്തു. ഭർത്താവ് ഷാജി (ഷാജഹാൻ 54), ചടയമംഗലം പോരേടം ചരുവിള പുത്തൻവീട്ടിൽ നവാസ് (38), ചടയമംഗലം മേടയിൽ റാന്നി മൻസിലിൽ അജി (37), പാങ്ങലുകാട് പുള്ളിപ്പച്ച സലീന മൻസിലിൽ ഷംസീർ (38) എന്നിവരെയാണ് കടയ്ക്കൽ കോടതി റിമാൻഡ് ചെയ്തത്. ഷാജഹാൻ 45000 രൂപയ്ക്ക് ഏർപ്പാടാക്കിയ ക്വട്ടേഷൻ സംഘാംഗങ്ങളാണ് കൊലപാതകം ആസൂത്രണം ചെയ്ത് നടപ്പാക്കിയതെന്ന് പൊലീസ് പറഞ്ഞു.
കൊലപ്പെടുത്താൻ ഉപയോഗിച്ച കത്തി ആൽത്തറമൂടിന് സമീപം ആൾപ്പാർപ്പില്ലാത്ത വീടിന്റെ മതിലിനോട് ചേർന്ന കുറ്റിക്കാട്ടിൽ നിന്ന് കണ്ടെടുത്തു.
ഭർത്താവ് ഷാജിയുമായി റംല വർഷങ്ങളായി പിണക്കത്തിലാണെന്ന് കണ്ടെത്തി ഷാജിയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോഴാണ് കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്. റംലയുടെ മൊബൈൽ ഫോണിലേയ്ക്ക് വന്ന കോളുകളും ഭർത്താവ് ഷാജിയുടെ മൊബൈൽ ഫോൺ വിശദാംശങ്ങളും സൈബർ സെല്ലിന്റെ സഹായത്തോടെ പരിശോധിച്ച് നിർണായക വിവരങ്ങൾ ശേഖരിച്ചു. തുടർന്നാണ് നവാസിനെയും അജിയെയും കുരിയോടുവച്ച് അടുത്ത ദിവസം അറസ്റ്റ് ചെയ്തത്. അവരാണ് ഷംസീറിന്റെ പങ്ക് വെളിപ്പെടുത്തിയത്.
പൊലീസ് പറയുന്നത് :
റംല ബീവിയുടെ ജീവിതരീതിയിൽ സംശയിച്ച് പിണങ്ങി കഴിയുകയായിരുന്ന ഷാജഹാൻ കൊട്ടാരക്കര കുടുംബ കോടതിയിലുണ്ടായ ധാരണ പ്രകാരം ഒരുമിച്ചു താമസിക്കാൻ തീരുമാനിച്ചിരുന്നു. എന്നാൽ റംലയെ വീണ്ടും സംശയിച്ച ഷാജഹാൻ പ്രശ്നമുണ്ടാക്കി. വിവാഹബന്ധം ഒഴിയണമെന്നും താമസിക്കാൻ മറ്റൊരു വീട് കൊടുക്കാമെന്നും പറഞ്ഞെങ്കിലും റംല തയ്യാറായില്ല. ഇതിന്റെ വിരോധത്തിൽ ഷാജഹാൻ സുഹൃത്ത് ഷംസീറുമായി കുടിയാലോചിച്ചാണ് ക്വട്ടേഷൻ സംഘത്തെ ഏർപ്പെടുത്തിയത്.
നിലമേലുള്ള ഹോട്ടലിൽ വച്ച് നവാസും അജിയുമായി പരിചയപ്പെട്ട് 45000 രൂപ പ്രതിഫലം പറഞ്ഞുറപ്പിച്ചു. പാങ്ങലുകാട് ഗണപതിനടയിൽ റംല താമസിക്കുന്ന വീട് ഞായറാഴ്ച വൈകിട്ട് 6 മണിയോടെ ഷാജഹാൻ കാട്ടിക്കൊടുത്തു. രാത്രി 9.15 ന് നവാസും അജിയും റംലയുടെ വീടിനു മുന്നിലെത്തി. നവാസ് വീട്ടിലേക്ക് കയറി.റംലബീവിയും മക്കളും ഭക്ഷണം കഴിച്ചു കൊണ്ടിരിക്കുകയായിരുന്നു. അവരുടെ മുഖത്തേക്ക് മുളകുപൊടി വിതറിയശേഷം ഇടതു കൺപുരികത്തിലും കുനിച്ചുനിറുത്തി മുതുകത്തും കുത്തുകയായിരുന്നു. ഞൊടിയിടയിൽ അജിയും നവാസും ബൈക്കിൽ രക്ഷപ്പെട്ടു. ആശുപത്രിയിലേക്ക് കൊണ്ടുപോകുംവഴി റംല മരിച്ചു. റംലയുടെ മക്കളുടെ മൊഴിയും പ്രതികളെ കണ്ടെത്താൻ സഹായകമായി.