chopp
HELI

ശ്രീനഗർ: ജമ്മു കാശ്മീരിലെ ബഡ്ഗാമിൽ ഇന്ത്യൻ വ്യോമസേനയുടെ ഹെലികോപ്ടർ തകർന്നുവീണ് 6 എയർഫോഴ്സ് ഓഫീസറും ഒരു പ്രദേശവാസിയും കൊല്ലപ്പെട്ടു. ഇന്നലെ രാവിലെ 10ന് ബഡ്ഗാമിലെ ഗാരെൻഡ് കാലാൻ ഗ്രാമത്തിലാണ് അപകടം. വ്യോമസേനയുടെ എം.ഐ–17 ട്രാൻസ്പോർട്ട് ഹെലികോപ്ടറാണ് സാങ്കേതിക തകരാറുകൊണ്ട് തകർന്ന് വീണതെന്ന് വ്യോമസേന വക്താവ് അറിയിച്ചു.

കൊല്ലപ്പെട്ട ഉദ്യോഗസ്ഥരുടെ പേരുവിവരം പുറത്തുവിട്ടിട്ടില്ല.

ഹെലികോപ്ടർ രണ്ടായി പിളർന്ന് തകർന്ന് വീഴുകയായിരുന്നെന്നും ഒരു ഭാഗത്തിന് തീപിടിക്കുകയായിരുന്നെന്നും ദൃക്സാക്ഷികൾ പറയുന്നു. വ്യോമസേന അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ഷോപ്പിയാനിൽ ഏറ്റുമുട്ടൽ;

രണ്ട് ഭീകരരെ വധിച്ചു

ജമ്മു കാശ്മീരിലെ ഷോപ്പിയാനിൽ പുലർച്ചെ ജയ്‌ഷെ ഭീകരരും സംയുക്ത സുരക്ഷാ സേനയും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ രണ്ടു ഭീകരർ കൊല്ലപ്പെട്ടു. ഇന്നലെ പുലർച്ചെ നാലരയോടെയാണ് ഏറ്റുമുട്ടൽ തുടങ്ങിയത്.

ഷോപ്പിയാനിൽ മേമന്ദറിലെ ഒരു വീട്ടിൽ ജയ്‌ഷെ മുഹമ്മദ് ഭീകരർ ഒളിഞ്ഞിരിക്കുന്നുണ്ടെന്ന രഹസ്യ വിവരത്തെത്തുടർന്നാണ് ജമ്മു കാശ്മീർ പൊലീസും അർദ്ധസൈനിക വിഭാഗവും തെരച്ചിൽ നടത്തിയത്.

ഇതിനിടെ പൂഞ്ച്, രജൗറി, അഖ്നൂർ മേഖലകളിൽ പാകിസ്ഥാൻ സൈന്യം ഇന്ത്യൻ സൈനിക പോസ്റ്റുകൾക്ക് നേരെ വെടിവച്ചു. പത്ത് ജവാന്മാർക്ക് പരിക്കേറ്റു. ഇന്ത്യയുടെ തിരിച്ചടിയിൽ അഞ്ച് പാക് പോസ്റ്റുകൾ തകർത്തു.