bring-back-

ന്യൂഡൽഹി : പാകിസ്ഥാന്റെ കസ്റ്റഡിയിലുള്ള ഇന്ത്യൻ വ്യോമസേന പൈലറ്റ് അഭിനന്ദൻ വർധനെ എത്രയും വേഗം തിരിച്ചെത്തിക്കാനുള്ള നടപടികൾ സ്വീകരിക്കണമെന്ന് ആവശ്യം ഉയരുന്നു. ഇതിനായി 'ബ്രിംഗ് ബാക്ക് അഭിനന്ദൻ' എന്ന ഹാഷ്ടാഗോടെ സോഷ്യൽ മീഡിയയിൽ കാമ്പയിനും ആരംഭിച്ചു.

പാക്കിസ്ഥാന്റെ പിടിയിലായ അഭിനന്ദനെ എത്രയും വേഗം സുരക്ഷിതനായി തിരികെയെത്തിക്കണമെന്ന് ഇന്ത്യ നേരത്തെ താക്കീത് നൽകിയിരുന്നു. പിടിയിലായ അഭിനന്ദനെ മോശമായ രീതിയിൽ ചിത്രീകരിക്കുന്ന വീഡിയോകളും ചിത്രങ്ങളും പ്രചരിപ്പിച്ചത് അന്താരാഷ്ട്ര മര്യാദകളുടെ ലംഘനമാണെന്നും ഇന്ത്യ ചൂണ്ടിക്കാട്ടി. ജനീവ കൺവൻഷൻ പ്രകാരം സൈനികരോട് കാണിക്കേണ്ട മിനിമം മര്യാദ പാകിസ്ഥാൻ അഭിനന്ദൻ വർദ്ധനോട് കാണിച്ചില്ലെന്ന് വിദേശകാര്യമന്ത്രാലയം കുറ്റപ്പെടുത്തി.

ഇന്ത്യൻ വ്യോമസേനാ ഉദ്യോഗസ്ഥന് എല്ലാ സുരക്ഷയും നൽകേണ്ട ഉത്തരവാദിത്തം പാക്കിസ്ഥാനുണ്ടെന്നും അദ്ദേഹം സുരക്ഷിതനായി മടങ്ങിയെത്തുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ഇന്ത്യ അറിയിച്ചു.

ഇന്ന് രാവിലെയോടെ വ്യോമാതിർത്തി കടന്നു വന്ന പാക് പോർവിമാനങ്ങളെ തുരത്തിയോടിക്കുന്നതിനിടയിലാണ് ഇന്ത്യൻ വ്യോമസേനയുടെ മിഗ്-21 വിമാനം അതിർത്തിയിൽ തകർന്നു വീണത്. അപകടത്തിൽ നിന്ന് പൈലറ്റ് അഭിനന്ദൻ രക്ഷപ്പെട്ടെങ്കിലും അദ്ദേഹവും വിമാനവും ചെന്നു പതിച്ചത് പാക് അധീന കശ്മീരിലാണ്. ഇദ്ദേഹത്തെ പ്രദേശവാസികളും പാക് സൈനികരും പിടികൂടി പിന്നീട് സുരക്ഷാ ഏജൻസികൾക്ക് കൈമാറുകയായിരുന്നു.