trump-kim

ഹനോയ്: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപും ഉത്തര കൊറിയൻ പ്രസിഡന്റ് കിം ജോംഗ് ഉന്നും തമ്മിലുള്ള രണ്ടാം ഉച്ചകോടിക്ക് വിയറ്റ്നാമിന്റെ തലസ്ഥാനമായ ഹനോയിയിൽ തുടക്കമായി. ഹനോയിലെ പഞ്ചനക്ഷത്രഹോട്ടലായ മെട്രോപോളാണ് രണ്ടു ദിവസം നീണ്ടു നിൽക്കുന്ന ഉച്ചകോടിക്ക് വേദിയാകുന്നത്. ഉച്ചകോടിക്ക് മുൻപായി ഇരുവരും പരസ്പരം ഹസ്തദാനം ചെയ്ത് ഒരുമിച്ച് മാദ്ധ്യമങ്ങളെക്കണ്ടു. കൊറിയൻ യുദ്ധം അവസാനിച്ചതായി പ്രഖ്യാപനമുണ്ടാകുമോയെന്ന ചോദ്യത്തിന് അല്പംകൂടി കാത്തിരിക്കാനായിരുന്നു ട്രംപിന്റെ മറുപടി. ഉത്തരകൊറിയയുടെ ആണവ നിരായുധീകരണം നടപ്പിൽ വരുത്തുന്നതിന് ഉച്ചകോടി വഴിയൊരുക്കുമോയെന്നാണ് എല്ലാവരും ആകാംഷയോടെ കാത്തിരിക്കുന്നത്.

ഏറെ പ്രതിസ്നധികളും പ്രതിബന്ധങ്ങളും ഉണ്ടായെങ്കിലും രണ്ടാം ഉച്ചകോടി യാഥാർത്ഥ്യമായതിൽ ഏറെ സന്തോഷമുണ്ടെന്നും ഇത് വലിയ വിജയമാകുമെന്നാണ് പ്രതീക്ഷയെന്നും കിം പറഞ്ഞു. ഉച്ചകോടിയുടെ ആദ്യ ദിനം അത്താഴത്തിന് ശേഷം നേരത്തെ ഷെഡ്യൂൾ ചെയ്ത പ്രകാരം ഇരുപത് മിനിറ്റ് നീളുന്ന സംഭാഷണമായിരിക്കും നടക്കുക. ഇന്നാണ് ദീർഘനേര ചർച്ചകൾ നടക്കുക.എട്ടുമാസം മുമ്പ് സിംഗപ്പൂരിലാണ് ആദ്യ ഉച്ചകോടി നടന്നത്. അന്ന് ആണവ നിരായുധീകരണത്തിന് ധാരണയായിരുന്നെങ്കിലും അധികം നടപടികളൊന്നും തുടർന്ന് ഉണ്ടായില്ല.