വാഷിംഗ്ടൺ: ബലാക്കോട്ടിലെ തീവ്രവാദ ക്യാമ്പില്‍ ഇന്ത്യ നടത്തിയ ആക്രമണത്തിൽ ചൈനയുൾപ്പെടെ ഒരുരാജ്യവും പാകിസ്ഥാനെ പിന്തുണച്ചില്ലെന്ന് മുൻ പാക് നയതന്ത്രജ്ഞൻ ഹുസൈൻ ഹക്കാനി. യു.എസിലെയും ശ്രീലങ്കയിലെയും മുൻ അംബാസഡറും പത്രപ്രവർത്തകനും എഴുത്തുകാരനുമാണ് ഹുസൈൻ ഹക്കാനി.
ഇന്ത്യയുടെ വ്യോമാക്രമണത്തിനു ശേഷം ഒരു രാജ്യവും പാകിസ്താനെ പിന്തുണച്ച് സംസാരിച്ചതു കണ്ടില്ല. പാകിസ്താനെ പിന്തുണക്കുന്നതിന് പകരം ഇരു രാജ്യങ്ങളും സ്വയം നിയന്ത്രിക്കണമെന്നാണ് ചൈന പോലും പറഞ്ഞത്- ഹുസൈൻ ഹക്കാനി പറയുന്നു.
"തീവ്രവാദികൾക്ക് അഭയം നൽകുന്ന രീതി ഇനി ഒരു ലോക രാഷ്ട്രവും വെച്ച് പൊറുപ്പിക്കില്ല. പാകിസ്താന്റെ തീവ്രദേശീയതാ വാദം ഇക്കാര്യം കണ്ടില്ലെന്ന് നടിക്കുകയാണ്. പക്ഷെ അത് ഒരിക്കലും പാകിസ്താന് ഗുണകരമാവില്ല. ലോകം മുഴുവൻ പിന്തുണയ്ക്കുന്നത് ഇന്ത്യയെയാണ്. പാകിസ്താനിൽ കടന്നാണ് ഇന്ത്യ ആക്രമണം നടത്തിയതെന്നത് ഇവിടെ ബാധകമല്ല. അതിനാൽ ആക്രമണം നടന്നുവെന്നത് അംഗീകരിക്കുകയും പ്രശ്‌നം കൂടുതൽ വഷളാക്കാതിരിക്കുകയുമാണ് പാകിസ്താൻ ചെയ്യേണ്ടതെന്നും ഹക്കാനി പറഞ്ഞു.
പാകിസ്താനിലെ ജെയ്‌ഷെ ഭീകരവാദ ക്യാമ്പുകളിൽ ചൊവ്വാഴ്ച പുലർച്ചെയാണ് ഇന്ത്യൻ വ്യോമസേന ആക്രമണം നടത്തിയത്. മുന്നൂറ്റിയമ്പതോളം ഭീകരർ കൊല്ലപ്പെട്ടെന്നാണ് സൂചന.1971ലെ ഇന്ത്യ - പാക് യുദ്ധത്തിനു ശേഷം ആദ്യമായാണ് പാകിസ്താൻ വ്യോമാതിർത്തി കടന്ന് ഇന്ത്യ ആക്രമണം നടത്തുന്നത്. പാകിസ്താനിലെ മൗലിക വാദികളിൽ നിന്ന് നിരന്തരം ഭീഷണി നേരിടുന്നയാളാണ് ഹക്കാനി. പാകിസ്താൻസൈന്യത്തിനും ഹക്കാനി അപ്രിയനാണ്.