തിരുവനന്തപുരം: ഗതാഗതക്കുരുക്കിൽ നട്ടം തിരിയുന്ന നഗരത്തിൽ ഗതാഗതപരിഷ്കാരത്തിന് പുതിയ മാർഗങ്ങൾ ആവിഷ്കരിക്കുകയാണ് സിറ്റി പൊലീസ്. ഇതിന്റെ ആദ്യ പടിയായി മാർ ഇവാനിയോസ് കോളേജ് മുതൽ കിഴക്കേകോട്ട വരെയുള്ള തിരക്കേറിയ ഭാഗങ്ങളിൽ റോഡിന്റെ നടുവിലെ ഡിവൈഡറിൽ ബാരിക്കേഡുകൾ ഒരു മാസം മുൻപേ സ്ഥാപിച്ചു കഴിഞ്ഞു. നോർത്ത്, സൗത്ത് ട്രാഫിക് പൊലീസിന്റെ നേതൃത്വത്തിൽ, സിറ്റി പൊലീസ് കമ്മിഷണറുടെ നിർദ്ദേശപ്രകാരം സ്ഥാപിച്ച ബാരിക്കേഡുകൾ റോഡപകടം കുറയ്ക്കാൻ സഹായിക്കുമെന്നാണ് പൊലീസിന്റെ കണക്കുകൂട്ടൽ. വാഹനയാത്രികർക്കും കാൽനടക്കാർക്കും സുരക്ഷിത യാത്രയൊരുക്കുന്നതിന്റെ ഭാഗമായുളള സിറ്റി പൊലീസിന്റെ പദ്ധതികളിലൊന്നാണ് ഈ ബാരിക്കേഡുകൾ.
പൊലീസിന്റെ കണക്കിൽ കഴിഞ്ഞമാസം മാത്രം 29 അപകടങ്ങളാണ് നഗരത്തിന്റെ വിവിധ ഭാഗങ്ങളിലായി നടന്നത്. ഇതിൽ കൂടുതലും റോഡ് മുറിച്ചുകടക്കുമ്പോൾ സംഭവിച്ചവയാണ്. അശ്രദ്ധമായുള്ള റോഡ് ക്രോസിംഗിന് തടയിടാൻ ബാരിക്കേഡുകൾക്ക് കഴിയും. ഒരു ദിവസം നഗരത്തിൽ എത്തുന്നവരിൽ വലിയൊരു പങ്കും ഗ്രാമപ്രദേശത്ത് നിന്നോ മറ്റുജില്ലകളിൽ നിന്നോ വരുന്നവരായിരിക്കും. അവർക്ക് റോഡ് നിയമങ്ങളെപ്പറ്റി മതിയായ അറിവ് ഉണ്ടാകണമെന്നില്ല. പ്രായമായവരുടെ കാര്യവും അങ്ങനെതന്നെ. തിരക്കേറിയ ട്രാഫിക്കിനിടയിലും ഇവർ റോഡ് മുറിച്ചുകടക്കുകയും അപകടങ്ങൾ ഉണ്ടാവുകയും ചെയ്യും. ബാരിക്കേഡുകൾ സ്ഥാപിച്ചാൽ റോഡ് ക്രോസിംഗിന് സീബ്രാലൈനിനെ തന്നെ ആശ്രയിക്കേണ്ടി വരും. ഫലമായി അപകടങ്ങൾ കുറയും.
എന്തെങ്കിലും കാരണത്താൽ ഗതാഗതം സ്തംഭിക്കുമ്പോൾ സംഭവ സ്ഥലത്തെത്തിയ ശേഷമാണ് പല വാഹന യാത്രികരും അവിടെ ഗതാഗത തടസമുണ്ടെന്ന് മനസിലാക്കുന്നത്. തന്മൂലം, ഗതാഗതക്കുരുക്ക് വർദ്ധിക്കുന്നു. എവിടെയാണ് കുരുക്കുണ്ടാകുന്നതെന്നും വാഹനം വഴിതിരിച്ച് വിടേണ്ട റൂട്ടും സംബന്ധിച്ച് യാത്രികർക്ക് മുൻകൂട്ടി വിവരം നൽകാനുള്ള അനൗൺസ്മെന്റ് സിസ്റ്റവും പൊലീസ് ആലോചിക്കുന്നുണ്ട്.
സമരങ്ങൾ സൃഷ്ടിക്കുന്ന ബുദ്ധിമുട്ടുകൾക്കും പരിഹാരം
സെക്രട്ടേറിയറ്റ് ഉൾപ്പെടുന്ന നോർത്ത് ട്രാഫിക് സ്റ്റേഷന്റെ ഏറ്റവും വലിയ വെല്ലുവിളിയാണ് നിത്യേന തന്നെ നടക്കുന്ന സമരങ്ങളും ധർണകളും. സമരങ്ങൾ ആരംഭിക്കുന്നത് പാളയം രക്തസാക്ഷിമണ്ഡപത്തിൽ നിന്ന് സെക്രട്ടേറിയറ്റിലേക്കോ, മ്യൂസിയം ഭാഗത്ത് നിന്നു സെക്രട്ടേറിയറ്റിലേക്കോ, അതുമല്ലെങ്കിൽ പാളയത്ത് നിന്ന് പുത്തരിക്കണ്ടം മൈതാനത്തേക്കോ ആയിരിക്കും. പ്രതിഷേധ പ്രകടനത്തിൽ ഗതാഗതം താറുമാറാകുന്നത് സ്ഥിരം പ്രശ്നമാണ്. സമരക്കാർ റോഡിന്റെ ഇരുവശവും കൈയേറിയാൽ ഗതാഗതം പൂർണമായി സ്തംഭിക്കും. ബാരിക്കേഡുകൾ ഉണ്ടെങ്കിൽ റോഡിന്റെ ഇരുവശവും നിറഞ്ഞുള്ള പ്രകടനം സാധിക്കില്ല.
പ്രതിഷേധക്കാർ റോഡിന്റെ ഒരു വശം മാത്രം ഉപയോഗിക്കുകയും മറ്റേ വശത്ത് കൂടി വാഹനങ്ങൾ കടത്തിവിടാനും കഴിയും. നോർത്ത് പ്രദേശങ്ങളിലാണ് വി.ഐ.പി, വി.വി.ഐ.പി വരവ് പോക്കുകളും കൂടുതലായി നടക്കുന്നത്. അതീവ ജാഗ്രതകൂടി ആവശ്യമുള്ള പ്രദേശത്ത് ഇത്തരം നിയന്ത്രണങ്ങൾ ആവശ്യമാണെന്നാണ് പൊലീസ് പറയുന്നത്. ഉത്സവ സീസണുകളിലാണ് സൗത്ത് ട്രാഫിക് പൊലീസിന്റെ നിയന്ത്രണത്തിലുള്ള പ്രദേശങ്ങളിൽ തിരക്ക് വർദ്ധിക്കുക.
ബാരിക്കേഡുകൾ സ്ഥാപിച്ചത് അപകടങ്ങൾ കുറയ്ക്കുക എന്ന ഉദ്ദേശ്യത്തോടെയാണ്. റോഡ് മുറിച്ചുകടക്കാൻ സീബ്രാലൈനുകൾ മാത്രം ഉപയോഗിക്കുന്ന ഒരു സംസ്കാരം നമുക്കിടയിൽ വളർന്നുവരണം. ഇതിനായി സീബ്രാലൈനുകളുടെ എണ്ണം കൂട്ടും. കൂടുതൽ സ്ഥലങ്ങളിൽ സുരക്ഷിതമായി ക്രോസ് ചെയ്യാനുള്ള സൗകര്യം ഉണ്ടാകുമ്പോൾ ആളുകൾ റോഡ് നിയമങ്ങൾ പാലിക്കാനും തുടങ്ങും. പുതിയ ശീലം പ്രാവർത്തികമാകാൻ കുറച്ച് സമയമെടുക്കും. എം.കെ. സുൾഫിക്കർ (സൗത്ത് ട്രാഫിക് എ.സി.പി)