തിരുവനന്തപുരം: സർക്കാരിന്റെ ആയിരം ദിവസത്തെ ആഘോഷം നടക്കുന്ന സെൻട്രൽ സ്റ്റേഡിയത്തിന് സമീപത്തെ മരത്തിൽ കയറി എംപാനൽ കണ്ടക്ടർമാർ ആത്മഹത്യാഭീഷണി മുഴക്കി. ജോലിയിൽ തിരിച്ചെടുക്കണമെന്നാവശ്യപ്പെട്ടാണ് ഇന്നലെ ഉച്ചയ്ക്ക് 2 ഓടെ തിരുവനന്തപുരം സ്വദേശി ഷഫീക്ക് (39), കോഴിക്കോട് സ്വദേശി സായൂജ് (30), റാന്നി സ്വദേശിനി സന്ധ്യ (30), മാള സ്വദേശിനി സജിനി (33) എന്നിവർ മരത്തിൽ കയറിയത്. ഉദ്വേഗഭരിതമായ നിമിഷങ്ങൾക്കൊടുവിൽ ചെങ്കൽചൂള ഫയർഫോഴ്സ് അധികൃതരാണ് മരത്തിന് മുകളിൽ കയറിയവരെ അനുനയിപ്പിച്ച് താഴെ ഇറക്കിയത്.
ഇന്നലെ വൈകിട്ട് അഞ്ചിന് മുഖ്യമന്ത്രി പങ്കെടുക്കുന്ന പരിപാടി നടക്കാനിരിക്കെയാണ് സംഭവം. ആഘോഷങ്ങളുടെ ഭാഗമായി സെൻട്രൽ സ്റ്റേഡിയത്തിന് ചുറ്റും വൻ പൊലീസ് സന്നാഹവും ജനത്തിരക്കുമുണ്ടായിരുന്നു. ഹൈക്കോടതി വിധിയെ തുടർന്ന് ജോലിയിൽ നിന്ന് പിരിച്ചുവിട്ട എംപാനൽ കണ്ടക്ടർമാരുടെ കൂട്ടായ്മ സെക്രട്ടേറിയറ്റിന് മുന്നിൽ നടത്തിവന്ന അനിശ്ചിതകാല സമരത്തിലുണ്ടായിരുന്ന ഇവർ പ്രസ് ക്ലബിന് മുന്നിലെ മരത്തിൽക്കയറി.
വിവരമറിഞ്ഞെത്തിയ കന്റോൺമെന്റ് പൊലീസ് ഇവരോട് താഴെയിറങ്ങാൻ അഭ്യർത്ഥിച്ചെങ്കിലും ജോലി നൽകാതെ ഇറങ്ങില്ലെന്ന നിലപാടിലായിരുന്നു ഇവർ. കൂടെയുള്ള സമരക്കാർ താഴെയിറക്കാൻ ശ്രമിച്ചെങ്കിലും ഇവർ ഇറങ്ങാൻ കൂട്ടാക്കിയില്ല. ഇതിനിടെ മരത്തിലിരിക്കുന്നവർക്ക് പിന്തുണയുമായി ജീവനക്കാർ മുദ്രാവാക്യം മുഴക്കി ചുറ്റും കൂടുകയും താഴെയിറക്കാനുള്ള ശ്രമത്തെ ചെറുക്കുകയും ചെയ്തു. വഴിയാത്രക്കാർ കാഴ്ചക്കാരായതോടെ പ്രസ് ക്ലബ് റോഡിലെ ഗതാഗതം തടസപ്പെട്ടു. പൊലീസ് അറിയിച്ചതിനെ തുടർന്ന് ഫയർഫോഴ്സ് സ്ഥലത്തെത്തി കയറ് ഉപയോഗിച്ച് ഇവരെ താഴെയിറക്കുകയായിരുന്നു.
ആദ്യം രണ്ടുപേരെയും ശേഷം രണ്ട് പേരെയുമായി ഏറെ പരിശ്രമിച്ച് താഴെ എത്തിച്ചു. ഇവരുടെ ആരോഗ്യ സ്ഥിതി മോശമായതിനെത്തുടർന്ന് ഉടൻ പൊലീസ് ആംബുലൻസിൽ ജനറൽ ആശുപത്രിയിലെത്തിച്ചു. സെൻട്രൽ കെ.എസ്.ആർ.ടി.സി ഡിപ്പോയിൽ കഴിഞ്ഞ ഒമ്പത് വർഷമായി കണ്ടക്ടറായി ജോലി നോക്കുകയാണ് കാട്ടാക്കട സ്വദേശി ഷഫീക്ക്. ഈ വരുമാനത്തിലാണ് ഭാര്യയും രണ്ട് മക്കളുമടങ്ങുന്ന കുടുംബം കഴിയുന്നത്. കോഴിക്കോട് സ്വദേശിയായ സായൂജ് കല്പറ്റ ഡിപ്പോയിൽ കഴിഞ്ഞ 11 വർഷമായി കണ്ടക്ടറാണ്. സന്ധ്യ റാന്നി ഡിപ്പോയിലെയും സജിനി മാള ഡിപ്പോയിലെയും കണ്ടക്ടറാണ്.
നാല് പേർക്കെതിരെയും കന്റോൺമെന്റ് പൊലീസ് ആത്മഹത്യാശ്രമത്തിന് കേസെടുത്തു. നേരത്തേയും സമരക്കാരിൽ ചിലർ ആത്മഹത്യാ ഭീഷണി മുഴക്കിയിരുന്നു. ആറ്റുകാൽ പൊങ്കാലയുടെ തലേ ദിവസം നഗരസഭയും പൊലീസും ചേർന്ന് സെക്രട്ടേറിയറ്റിന് മുന്നിലെ പത്തോളം സമരപ്പന്തലുകൾ പൊളിച്ച നീക്കിയ കൂട്ടത്തിൽ എംപാനലുകാരുടെ പന്തലും പൊളിച്ചിരുന്നു. സമരം പൊളിക്കാനുള്ള നീക്കമാണ് ഇതെന്ന് ആരോപിച്ച് സമരക്കാർ അന്ന് പ്രതിഷേധിച്ചിരുന്നു. ആലപ്പുഴ സ്വദേശിനി ബിനിയ (40) സെക്രട്ടേറിയറ്റിന് മുന്നിലെ മരത്തിൽ കയറി ആത്മഹത്യാ ഭീഷണി മുഴക്കിയിരുന്നു. സെക്രട്ടേറിയറ്റിന് മുന്നിൽ എംപാനൽ കൂട്ടായ്മയുടെ പ്രതിഷേധം തുടരുകയാണ്.