തിരുവനന്തപുരം: റീജിയണൽ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഒഫ്താൽമോളജിയുടെ (ആർ.ഐ.ഒ) പുതിയ സ്പെഷ്യാലിറ്റി ബ്ലോക്കിന്റെ പ്രവർത്തനോദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു.
നേത്രചികിത്സാ രംഗത്ത് മുന്നിൽ നിൽക്കുന്ന തിരുവനന്തപുരം കണ്ണാശുപത്രിയുടെ വലിയ അഭിമാനമാണ് ഈ സ്പെഷ്യാലിറ്റി ബ്ലോക്കെന്ന് ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ച മന്ത്രി കെ.കെ. ശൈലജ പറഞ്ഞു. പഴക്കമുള്ള കണ്ണാശുപത്രിയിലെ പഴയ കെട്ടിടം നവീകരിച്ച് പൈതൃകമായി നിലനിറുത്തുമെന്ന് മന്ത്രി വ്യക്തമാക്കി. മൂന്നു സ്പെഷ്യാലിറ്റി ക്ലിനിക്കുകൾ പുതിയ ബ്ലോക്കിലേക്ക് മാറുന്നതോടെ ഒഴിവു വരുന്ന മുറികളിൽ റെറ്റിന, ലോ വിഷൻ, കോണ്ടാക്ട് ലെൻസ് എന്നീ ക്ലിനിക്കുകൾ, കാഴ്ച പരിമിതർക്കുള്ള പുനരധിവാസ പദ്ധതിയായ പുനർജ്യോതി എന്നിവ വിപുലമായ സൗകര്യങ്ങളോടെ സജ്ജമാക്കുമെന്നും മന്ത്രി വ്യക്തമാക്കി.
ആർ.ഐ.ഒ ഡയറക്ടർ ഡോ. വി. സഹസ്രനാമം സ്വാഗതം പറഞ്ഞ ചടങ്ങിൽ മേയർ വി.കെ. പ്രശാന്ത് വിശിഷ്ടാതിഥിയായി. മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർ ഡോ. എ. റംലാബീവി, പൊതുമരാമത്ത് ചീഫ് എൻജിനിയർ ഹൈദ്രു ഇ.കെ, കൗൺസിലർമാരായ അഡ്വ. സതീഷ് കുമാർ, വഞ്ചിയൂർ ബാബു, മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ. തോമസ് മാത്യു, ആർ.ഐ.ഒ സൂപ്രണ്ട് ഡോ. ഷീബ സി.എസ് എന്നിവർ പങ്കെടുത്തു.