പോത്തൻകോട്: വസ്തുവിന്റെ 2018 -19 വർഷത്തെ കരം ഒടുക്കിയ രസീതിനായി വില്ലേജ് ഓഫീസുകളിൽ ദിവസങ്ങൾ കയറിയിറങ്ങേണ്ട അവസ്ഥയാണ് കർഷകർക്ക്. ചെറുകിട നാമമാത്ര കർഷകർക്കായി കേന്ദ്ര സർക്കാർ പ്രഖ്യാപിച്ച കിസാൻ സമ്മാൻ യോജന സ്കീമിന് അപേക്ഷിക്കാനാണ് പലരും വില്ലേജ് ഓഫീസിലെത്തുന്നത്. കരം ഒടുക്കുന്ന സമ്പ്രദായം ഏറക്കുറെ ഓൺലൈനാക്കിയെങ്കിലും അപേക്ഷകർ കൂട്ടത്തോടെ ഓൺലൈൻ ഉപയോഗിക്കാൻ തുടങ്ങിയതോടെ മിക്കയിടത്തും നെറ്റ്വർക്കുകൾ അവതാളത്തിലായി. ഇതോടെ ജനങ്ങൾ വില്ലേജ് ഓഫീസുകളിൽ എത്തുകയായിരുന്നു.
എന്നാൽ കരം എഴുതാനുള്ള രസീത് ബുക്കുകൾ താലൂക്ക് ഓഫീസിൽ നിന്ന് ആവശ്യത്തിനു ലഭിക്കാത്തതിനാൽ ഇവിടെയെത്തുന്നവർ നിരാശരായി മടങ്ങുകയാണ്. മൂന്നു മാസത്തേക്ക് ഒരു രസീത് ബുക്ക് എന്ന് പരിമിതപ്പെടുത്തിയതിനാൽ വില്ലേജ് ഓഫീസുകളിൽ നെറ്റ് വർക്ക് തകരാർ ഉണ്ടായാൽ പോലും പഴയപടി കരം സ്വീകരിക്കാനാകുന്നില്ലെന്നാണ് പല വില്ലേജ് ഓഫീസർമാരുടെയും പരാതി. തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് മുൻപ് അപേക്ഷ സമർപ്പിക്കാൻ കൃഷിഭവനുകളിൽ വൻ തിരക്കാണ് അനുഭവപ്പെടുന്നത്.