തിരുവനന്തപുരം: സംസ്ഥാന ചലച്ചിത്ര വികസന കോർപറേഷന്റെ നേതൃത്വത്തിൽ തമ്പാനൂർ കെ.എസ്.ആർ.ടി.സി ബസ് ടെർമിനൽ കോംപ്ലക്സിലെ പുതിയ തിയേറ്റർ 'ലെനിൻ സിനിമാസ്' മന്ത്രി എ.കെ. ശശീന്ദ്രൻ ഉദ്ഘാടനം ചെയ്തു. അന്തരിച്ച സംവിധായകൻ ലെനിൻ രാജേന്ദ്രൻ മുന്നോട്ട് വച്ച ആശയമാണ് കെ.എസ്.ആർ.ടി.സി കോംപ്ലക്സിൽ ഒരു തിയേറ്റർ എന്നുള്ളത്. അദ്ദേഹത്തിന്റെ ആ മോഹമാണ് ഇപ്പോൾ സാദ്ധ്യമായിരിക്കുന്നതെന്ന് മന്ത്രി പറഞ്ഞു.
മന്ത്രി എ.കെ. ബാലൻ ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു. ഛായാഗ്രാഹകൻ രാമചന്ദ്രബാബു സ്വിച്ച് ഓൺ കർമം നിർവഹിച്ചു. മേയർ വി.കെ. പ്രശാന്ത്, കെ.എസ്.എഫ്.ഡി.സി എം.ഡി ദീപാ ഡി. നായർ, കെ.ടി.ഡി.എഫ്.സി എം.ഡി ആർ. രാഹുൽ, സാംസ്കാരിക പ്രവർത്തക ക്ഷേമനിധി ബോർഡ് ചെയർമാൻ പി. ശ്രീകുമാർ, സംവിധായകൻ ഷാജി കൈലാസ്, നടനും സംവിധായകനുമായ മധുപാൽ, വാർഡ് കൗൺസിലർ എം.വി. ജയലക്ഷ്മി എന്നിവർ സംസാരിച്ചു.
സംസ്ഥാന സർക്കാരിന്റെ പ്ലാൻ ഫണ്ടിൽ ഉൾപ്പെടുത്തി ബസ് ടെർമിനലിന്റെ മൂന്നാം നിലയിൽ രണ്ട് കോടി രൂപ ചെലവഴിച്ചാണ് തിയേറ്റർ ക്രമീകരിച്ചിരിക്കുന്നത്. 150 പേർക്ക് ഇരിക്കാൻ സൗകര്യമുള്ള തിയേറ്ററിൽ 150, 170 രൂപയാണ് ടിക്കറ്റ് നിരക്ക്. തിയേറ്ററിൽ വരുന്നവർക്കായി പ്രത്യേക പാർക്കിംഗ് സൗകര്യവും സിനിമകളുടെ പ്രദർശനം സംബന്ധിച്ചുള്ള സൂചനാബോർഡും ക്രമീകരിക്കുമെന്ന് മന്ത്രി എ.കെ. ശശീന്ദ്രൻ അറിയിച്ചു. രാത്രി വൈകി വാഹനം കാത്ത് നിൽക്കുന്ന യാത്രക്കാർക്കായി രാത്രി 11 മണിക്ക് ഒരു ഷോയും ഉണ്ടാകും.