തീരത്തെ ആവേശം കൊള്ളിക്കാൻ ജോബ് കുര്യനും ആൻ ആമിയുംതിരുവനന്തപുരം: തലസ്ഥാന നഗരത്തിന് പുതിയ അനുഭവവും ശംഖുംമുഖം തീരത്തിന് പുത്തനുണർവും സമ്മാനിച്ച ബീച്ച് കാർണിവൽ ഇന്ന് സമാപിക്കും. ഇന്ന് രാത്രി ഏഴിന് ജോബ് കുര്യനും ആൻ ആമിയും നയിക്കുന്ന മ്യൂസിക്കൽ ബാൻഡിന്റെ സംഗീത നിശയോടെയാണ് തിരുവനന്തപുരത്തെ ആദ്യത്തെ ബീച്ച് കാർണിവലിന് തിരശീല വീഴുന്നത്. ഇതിനോടകം മൂന്നു ലക്ഷത്തിലേറെപ്പേർ ബീച്ച് കാർണിവലിൽ പങ്കെടുത്തതായാണ് ഏകദേശ കണക്ക്. ശംഖുംമുഖം ആർട്ട് മ്യൂസിയത്തിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന കാർണിവലിൽ തിരുവനന്തപുരം നഗരസഭയ്ക്കൊപ്പം വൈലോപ്പിള്ളി സംസ്കൃതി ഭവൻ, ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിൽ എന്നിവയും കൈകോർക്കുന്നുണ്ട്.
കഴിഞ്ഞ ദിവസങ്ങളിൽ കർണഭാരം നാടകവും വിദ്യ നെടുങ്ങാടിയുടെ മോഹിനിയാട്ടവും തെയ്യവും കർണാടകയിൽ നിന്നുള്ള ദുല്ലു കുനിതയുമെല്ലാം ആയിരക്കണക്കിനാളുകളെയാണ് ആകർഷിച്ചത്. രാത്രി വൈകുംവരെ തീരത്ത് കാർണിവൽ ആഘോഷിക്കാൻ ആളുകൾ തിക്കിത്തിരക്കുന്നുണ്ട്.
ശംഖുംമുഖം തീരത്തെ വിവിധ നിറങ്ങളിൽ ആറാടിക്കുന്ന വെളിച്ച ക്രമീകരണമായിരുന്നു ബീച്ച് കാർണിവലിന്റെ ഏറ്റവും വലിയ ആകർഷണം. ഇടവേളകളിട്ട് തീരം പൂർണമായും വയലറ്റ്, നീല, ചുവപ്പ് തുടങ്ങിയ വിവിധ നിറങ്ങളിൽ മുങ്ങിക്കുളിക്കുന്ന കാഴ്ച കാണുന്നതിനും ആ നിറങ്ങളിൽ ലയിച്ച് അനുഭവിച്ചറിയുന്നതിനുമാണ് ആളുകളേറെയും കാർണിവലിനെത്തിയത്. അതോടൊപ്പം കടലിലേക്ക് ഒരേരീതിയിൽ വെളിച്ചം പ്രസരിപ്പിച്ചത് തിരമാലകളുടെ രാത്രി കാഴ്ചയെ കൂടുതൽ വർണാഭമാക്കുന്നുണ്ട്.
തീരത്ത് നിർമിച്ച വലിയ കൊമ്പൻ സ്രാവിന്റെ രൂപത്തിനുള്ളിലൂടെ ആളുകൾക്ക് കയറിയിറങ്ങാനുള്ള സൗകര്യമുണ്ട്. തിരുവനന്തപുരം മെഡിക്കൽ കോളേജ് വിദ്യാർത്ഥികൾ ഒരുക്കിയിട്ടുള്ള ആരോഗ്യ പ്രദർശനം, ഫുഡ് കോർട്ട്, പുസ്തകമേള എന്നിവയും ബീച്ച് കാർണിവലിന്റെ ഭാഗമായുണ്ട്. കാർണിവലിൽ എത്തുന്നവരുടെ പോർട്രെയിറ്റുകൾ ചിത്രകലാ വിദ്യാർത്ഥികൾ തത്സമയം വരച്ചുനൽകുന്നു. കാർണിവലിലേക്കുള്ള പ്രവേശനം സൗജന്യമാണ്.
ശംഖുംമുഖം ആർട്ട് മ്യൂസിയത്തിൽ നടന്നുവരുന്ന 'ബോഡി" പ്രദർശനം കാണുന്നതിനും ഈ ദിവസങ്ങളിൽ വൻ തിരക്കാണ് അനുഭവപ്പെട്ടത്.
ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള 55 കലാകാരന്മാരാണ് ഈ പ്രദർശനത്തിൽ ചിത്രങ്ങളും ശില്പങ്ങളും കലാവിന്യാസങ്ങളുമായി അണിനിരന്നിട്ടുള്ളത്. മ്യൂസിയം സന്ദർശനം പാസ് മൂലം നിയന്ത്രിച്ചിട്ടുണ്ട്.