തിരുവനന്തപുരം: റീജിയണൽ ട്രാൻസ്പോർട്ട് ഓഫീസിന്റെ പ്രവർത്തനം ഇനി ആധുനിക സാങ്കേതിക വിദ്യയുടെ പിന്തുണയോടെ. കിഴക്കേകോട്ട ട്രാൻസ്പോർട്ട് ഭവനിൽ പ്രവർത്തിച്ചുവന്ന തിരുവനന്തപുരം റീജിയണൽ ട്രാൻസ്പോർട്ട് ഓഫീസാണ് അത്യാധുനിക സംവിധാനങ്ങളോടെ തമ്പാനൂർ കെ.എസ്.ആർ.ടി.സി ബസ് ടെർമിനലിലെ അഞ്ചാം നിലയിലേക്ക് മാറ്റിയത്.
ഇതിന്റെ പ്രവർത്തനോദ്ഘാടനം ഇന്നലെ തമ്പാനൂരിൽ നടന്നു. പൊതുജനങ്ങൾക്ക് ശീതീകരിച്ച വിശ്രമ കേന്ദ്രം, റോഡ് സുരക്ഷാ ക്ലാസുകൾ നടത്തുന്നതിന് വേണ്ടി ആധുനിക ഓഡിയോ വിഷ്വൽ സംവിധാനങ്ങളോടു കൂടിയ വിശാലമായ ഹാൾ, അപേക്ഷകരുടെ സൗകര്യാർത്ഥം ക്യൂ മാനേജ്മെന്റ്, ഫാസ്റ്റ് ട്രാക്ക് സംവിധാനം എന്നിവ ഓഫീസിൽ ഏർപ്പെടുത്തിയിട്ടുണ്ട്. ഓഫീസ് പൂർണമായി ഓൺലൈൻ സംവിധാനത്തിലേക്ക് മാറിയിട്ടുണ്ട്.
എളുപ്പം സാധിക്കുന്ന സേവനങ്ങൾക്കായി ജനങ്ങളെ ഓഫീസിൽ വരുത്തി ബുദ്ധിമുട്ടിക്കുന്നത് ഒഴിവാക്കാനാണിത്. ജനസൗഹൃദപരമായ ' വാഹൻ സാരഥി ' സോഫ്റ്റ്വെയറുകളുടെ പ്രവർത്തനോദ്ഘാടനവും ആർ.ടി ഓഫീസിൽ നടന്ന ചടങ്ങിൽ മന്ത്രി നിർവഹിച്ചു. ഊരാളുങ്കൽ സൊസൈറ്റിയാണ് ആധുനിക സംവിധാനങ്ങളോടെ ഓഫീസ് സജ്ജമാക്കിയത്. നാഷണൽ ഇൻഫോമാറ്റിക് സെന്റർ ആണ് 'വാഹൻ സാരഥി ' സോഫ്റ്റ്വെയറുകൾ നടപ്പാക്കുന്നതിന് മേൽനോട്ടം വഹിച്ചത്. ചടങ്ങിൽ ശശി തരൂർ എം.പി അദ്ധ്യക്ഷനായിരുന്നു. ട്രാൻസ്പോർട്ട് കമ്മിഷണർ സുദേഷ് കുമാർ, ഗതാഗത വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി കെ.ആർ. ജ്യോതിലാൽ, കെ.എസ്.ആർ.ടി.സി എം.ഡി എം.പി. ദിനേശ്, കെ.ടി.ഡി.എഫ്.സി എം.ഡി ആർ. രാഹുൽ, കൗൺസിലർ എം.വി. ജയലക്ഷ്മി, ഡെപ്യൂട്ടി ട്രാൻസ്പോർട്ട് കമ്മിഷണർ എബി ജോൺ എന്നിവർ സംസാരിച്ചു.