തിരുവനന്തപുരം: കേരള ടൂറിസം ഡെവലപ്മെന്റ് കോർപറേഷനു കീഴിലുള്ള നൂറുവർഷം പിന്നിടുന്ന മസ്കറ്റ് ഹോട്ടലിന്റെ പൈതൃകസംരക്ഷണപദ്ധതിയുടെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു. മന്ത്രി കടകംപള്ളി സുരേന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. ഈ സർക്കാർ അധികാരത്തിൽ വന്ന ശേഷം ടൂറിസം മേഖലയ്ക്ക് വലിയ പരിഗണനയാണ് നൽകുന്നതെന്ന് മന്ത്രി പറഞ്ഞു. കെ.ടി.ഡി.സിയുടെ പഞ്ചനക്ഷത്ര പദവി ലഭിക്കുന്ന ആദ്യ ഹോട്ടലായത് നൂറാംവാർഷികം ആഘോഷിക്കുന്ന മസ്കറ്റിന് ഇരട്ടി മധുരമായിരിക്കുകയാണ്.
പുതിയ വിപണന തന്ത്രങ്ങൾ ആവിഷ്കരിച്ചെങ്കിൽ മാത്രമെ കെ.ടി.ഡി.സിക്ക് വൻകിട ഹോട്ടൽശൃംഖലകളോട് പിടിച്ചുനിൽക്കാനാവൂ. പരമ്പരാഗത തനിമ നിലനിറുത്തി നവീകരണപ്രവൃത്തികൾ പൂർത്തിയാക്കുന്നതോടെ മസ്കറ്റ് ഹോട്ടൽ വലിയ നേട്ടങ്ങൾ കൈവരിക്കുമെന്നും മന്ത്രി പറഞ്ഞു.
കെ. മുരളീധരൻ എം.എൽ.എ മുഖ്യാതിഥിയായി. കെ.ടി.ഡി.സി ചെയർമാൻ എം. വിജയകുമാർ, ടൂറിസം ഡയറക്ടർ പി. ബാലകിരൺ, കെ.ടി.ഡി.സി എം.ഡി ആർ. രാഹുൽ തുടങ്ങിയവർ സംസാരിച്ചു.