തിരുവനന്തപുരം: 179 വർഷം മുമ്പ് തിരുവിതാംകൂർ രാജഭരണകാലത്ത് ബ്രിട്ടീഷ് റസിഡന്റുമാരുടെ വരവ് നഗരവാസികളെ അറിയിക്കാൻ ഉപയോഗിച്ചിരുന്നൊരു ബാൻഡ് ഹാൾ തൈക്കാട് സർക്കാർ ഗസ്റ്റ് ഹൗസിന് പിന്നിലുണ്ടെന്ന് എത്രപേർക്കറിയാം? വർഷങ്ങളോളം പരിരക്ഷയില്ലാതെ കാടിനുള്ളിൽ സ്ഥിതി ചെയ്ത കെട്ടിടം. പക്ഷേ കാലത്തെ അതിജീവിച്ചപ്പോഴും നിൽക്കുന്നുണ്ട്. ഈ പൈതൃക മന്ദിരമാണ് വിനോദ സഞ്ചാര വകുപ്പ് പുതുക്കിപ്പണിയാൻ പോകുന്നത്.
തൈക്കാട് സർക്കാർ ഗസ്റ്റ് ഹൗസിന് പിന്നിലായാണ് 19- ാം നൂറ്റാണ്ടിൽ നിർമിച്ച ബാൻഡ് ഹാളുള്ളത്. 1840 നും 1846 നും ഇടയ്ക്കാണ് ഹാൾ നിർമ്മിച്ചത്. ബ്രിട്ടീഷ് കരസേനയിൽ മേജർ ജനറലും തിരു-കൊച്ചി സംസ്ഥാനത്തെ ആദ്യ റസിഡന്റുമായിരുന്ന വില്യം കള്ളന്റെ കാലത്താണ് ബാൻഡ് ഹാൾ പ്രവർത്തനമാരംഭിച്ചത്. നായർ പടയുടെ നേതൃത്വത്തിലാണ് ഇവിടെ ബാൻഡ് മേളം അരങ്ങേറിയിരുന്നത്. ഇത് ആസ്വദിക്കാൻ പ്രമാണിമാർക്കും ബ്രിട്ടീഷുകാർക്കും മാത്രമാണ് അവസരം നൽകിയിരുന്നത്. അർദ്ധവൃത്താകൃതിയിൽ നിർമിച്ചിരിക്കുന്ന ഹാളിന്റെ മേൽക്കൂരയിൽ ഒാടാണ് പാകിയിരിക്കുന്നത്. മദ്ധ്യത്തിൽ സ്വർണനിറത്തിലുള്ള കൂർത്ത കമാനവും തീർത്തിട്ടുണ്ട്. ഹാളിന്റെ പല ഭാഗങ്ങളും കാലപ്പഴക്കത്താൽ പൊളിഞ്ഞു കഴിഞ്ഞു. ഒൻപതോളം തൂണിലാണ് ഈ മേൽക്കൂര താങ്ങി നിൽക്കുന്നത്. പഴയ റസിഡൻസിയിലാണ് ഇപ്പോൾ ഗസ്റ്റ്ഹൗസും കിറ്ര് സും പ്രവർത്തിക്കുന്നത്.
കാടുമൂടിയ ഇവിടം ഇഴജന്തുക്കളുടെ വാസസ്ഥാനമാണ് നിലവിൽ. ഗസ്റ്റ് ഹൗസിന് പിന്നിലായി പുതിയ രണ്ട് കെട്ടിടങ്ങൾ നിർമ്മിക്കുന്നതുമായി ബന്ധപ്പെട്ട് കാട് വെട്ടി വൃത്തിയാക്കിയെങ്കിലും സ്ഥിതിക്ക് കാര്യമായ മാറ്റമൊന്നുമുണ്ടായിട്ടില്ല. രാജഭരണകാലത്തെ ഹാളിന് പൈതൃക സ്മാരകമാവാനുള്ള യോഗ്യത ഉണ്ടെങ്കിലും പുരാവസ്തുവകുപ്പിന്റെ പൈതൃക സ്മാരക പട്ടികയിൽ ഇടംപിടിച്ചിട്ടില്ല. അതുകൊണ്ട് തന്നെ ബാൻഡ് ഹാളിനെക്കുറിച്ച് തലസ്ഥാനവാസികൾക്ക് പോലും അറിയില്ല. വിനോദസഞ്ചാര വകുപ്പിന്റെ കീഴിലാണ് ഹാൾ ഇപ്പോൾ. എന്നാൽ യാതൊരു വിധ സംരക്ഷണവും അധികൃതർ ഏർപ്പെടുത്തിയിട്ടില്ല. നഗരത്തിലെ മ്യൂസിയം, കനകക്കുന്ന്, കവടിയാർ കൊട്ടാരം എന്നിവിടങ്ങളിലും ബാൻഡ്ഹാളുകളുണ്ട്. ഇവയൊക്കെ കൃത്യമായി സംരക്ഷിക്കപ്പെടുമ്പോൾ തൈക്കാടുള്ള ബാൻഡ് ഹാളിനോട് മാത്രമാണ് അധികൃതർക്ക് അവഗണനയെന്നത് ഏറെ വിമർശനങ്ങൾക്ക് വഴിവച്ചിരുന്നു.
പുരാവസ്തുവകുപ്പിന്റെ കീഴിൽ ഒട്ടേറെ പൈതൃക സ്മാരകങ്ങൾ സംരക്ഷിക്കപ്പെടുന്നതിനാലാണ് ബാൻഡ് ഹാൾ ഏറ്റെടുക്കാത്തതെന്നാണ് പുരാവസ്തുവകുപ്പ് നൽകുന്ന വിശദീകരണം. ഫണ്ടിന്റെ അപര്യാപ്തതയാണ് കൂടുതൽ സ്മാരകങ്ങൾ ഏറ്റെടുക്കുന്നതിൽ നിന്ന് വകുപ്പിനെ പിന്തിരിപ്പിക്കുന്നതെന്നാണ് വിവരം. പൈതൃക സ്മാരകങ്ങളെ അതേപടി സംരക്ഷിച്ച് നിറുത്താൻ വർഷംതോറും ഒട്ടേറെ പണം ചെലവഴിക്കേണ്ടതുണ്ട്. അതിനാലാണ് വിനോദ സഞ്ചാര വകുപ്പ് നേരിട്ട് ബാൻഡ് ഹാൾ നവീകരിക്കാൻ തീരുമാനിച്ചിരിക്കുന്നത്.
നവീകരണം ഇപ്രകാരം