മലയാളത്തിന്റെ വെള്ളിത്തിരയിൽ മറ്റൊരു താര പോരാട്ടത്തിന് കൂടി കളമൊരുങ്ങുന്നു.മലയാള സിനിമയുടെ ഏറ്റവും വലിയ സീസണുകളിലൊന്നായ വിഷുക്കാലത്ത് സൂപ്പർ മെഗാ താരങ്ങളായ മമ്മൂട്ടിയുടെയും മോഹൻലാലിന്റെയും ഉൾപ്പെടെ നാല് ചിത്രങ്ങൾ തിയേറ്ററുകളിലെത്തുമെന്നുറപ്പായിക്ക ഴിഞ്ഞു.
മോഹൻലാലിന്റെ ലൂസിഫറാണ് വിഷു ചിത്രങ്ങളിൽ ആദ്യമെത്തുന്നത്. പൃഥ്വിരാജ് സംവിധായകക്കുപ്പായമണിയുന്ന ലൂസിഫർ രാഷ്ട്രീയ പശ്ചാത്തലത്തിലുള്ള ഒരു ഫാമിലി ത്രില്ലറാണെന്നാണ്സൂചന.ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമ്മിക്കുന്ന ലൂസിഫറിന്റെ രചന നിർവഹിക്കുന്നത് മുരളി ഗോപിയാണ്.
മോഹൻലാൽ സ്റ്റീഫൻ നെടുമ്പള്ളി എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ലൂസിഫറിൽ ബോളിവുഡ് താരം വിവേക് ഒബ്റോയി, ടൊവിനോ തോമസ്, കലാഭവൻ ഷാജോൺ, ഇന്ദ്രജിത്ത്, ആദിൽ ഇബ്രാഹിം തുടങ്ങിയ ഒരു വൻ താരനിര തന്നെ ലൂസിഫറിൽ അണിനിരക്കുന്നുണ്ട്. മഞ്ജുവാര്യരാണ് നായിക. െെനല ഉഷയും സാനിയ ഇയ്യപ്പനും, ഷോൺ റോമിയയും മറ്റ് പ്രധാന സ്ത്രീ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. സുജിത്ത് വാസുദേവാണ് ഛായാഗ്രഹണം നിർവഹിക്കുന്നത്.
മാർച്ച് 28ന് മാക്സ് റിലീസ് ലൂസിഫർ പ്രദർശനത്തിനെത്തിക്കും. നാദിർഷാ സംവിധാനം ചെയ്യുന്ന മേരാ നാം ഷാജി ഏപ്രിൽ 5ന് തിയേറ്ററുകളിലെത്തും.ബിജുമേനോനും, ആസിഫ്അലിയും ബൈജു സന്തോഷും നായകന്മാരാകുന്ന മേരാ നാം ഷാജിയിൽ നിഖിലാ വിമലാണ് നായിക.
ദിലീപ് പൊന്നൻ രചന നിർവഹിക്കുന്ന മേരാ നാം ഷാജിയിൽ ശ്രീനിവാസൻ, ധർമ്മജൻ, കെ. ബി. ഗണേഷ്കുമാർ എന്നിവരാണ് മറ്റ് പ്രധാന വേഷങ്ങൾ അവതരിപ്പിക്കുന്നത്. സൗബിൻ ഷാഹിറും ഹരിഷ് കണാരനും ചിത്രത്തിൽ അതിഥി താരങ്ങളായി പ്രത്യക്ഷപ്പെടുന്നുണ്ട്.
യൂണിവേഴ്സൽ സിനിമയുടെ ബാനറിൽ ബി. രാകേഷ് നിർമ്മിക്കുന്ന മേരാ നാം ഷാജി ഉർവശി തിയേറ്റേഴ്സാണ് തിയേറ്ററുകളിലെത്തിക്കുന്നത്.
വിഷു റിലീസായി നിശ്ചയിച്ചിരുന്ന ദുൽഖർ ചിത്രം ഒരു യമണ്ടൻ പ്രേമകഥ വൈകിയേക്കുമെന്നാണ്സൂചന. ചിത്രത്തിന്റെ റിലീസ് ഡേറ്റ് തീരുമാനിച്ചിട്ടില്ലെന്നും രണ്ട് ദിവസത്തിനകം റിലീസ് ഡേറ്റ് ഫിക്സ് ചെയ്യുമെന്നും നിർമ്മാതാവ് ആന്റോ ജോസഫ് അറിയിച്ചു.
വിഷ്ണു ഉണ്ണിക്കൃഷ്ണനും ബിബിൻ ജോർജും ചേർന്ന് രചന നിർവഹിക്കുന്ന ഒരു യമണ്ടൻ പ്രേമകഥ സംവിധാനം ചെയ്യുന്നത് നവാഗതനായ ബി.സി. നൗഫലാണ്. പി. സുകുമാറാണ് ഛായാഗ്രാഹകൻ.നിഖില വിമലും സംയുക്താമേനോനുമാണ് ചിത്രത്തിലെ നായികമാർ. സലിംകുമാർ, സൗബിൻ ഷാഹിർ, ധർമ്മജൻ ബോൾഗാട്ടി എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങൾ.
മമ്മൂട്ടിച്ചിത്രം മധുരരാജ ഏപ്രിൽ 12ന് തിയേറ്ററുകളിലെത്തും. മെഗാഹിറ്റായ പോക്കിരി രാജയിലെ രാജ എന്ന കഥാപാത്രത്തിന്റെ തുടർച്ചയാണ് വൈശാഖും ഉദയകൃഷ്ണയും കൂടി ഈ ചിത്രത്തിൽ പുനരവതരിപ്പിക്കുന്നത്.
മഹിമാ നമ്പ്യാരും അനുശ്രീയും, ഷംനാ കാസിമും നായികമാരാകുന്ന ചിത്രത്തിൽ സണ്ണി ലിയോൺ ഒരു ഐറ്റം നമ്പർ അവതരിപ്പിക്കുന്നുണ്ട്.
ജഗപതിബാബു, ജയ്, സലിംകുമാർ, ബിജുക്കുട്ടൻ, നോബി എന്നിവരാണ് മറ്റ് പ്രധാന താരങ്ങൾ.പീറ്റർ ഹെയ്നാണ് ചിത്രത്തിലെ ആക്ഷൻ രംഗങ്ങൾ ഒരുക്കുന്നത്. സംഗീതം: ഗോപിസുന്ദർ, ഛായാഗ്രഹണം: ഷാജികുമാർ.
നെൽസൺ ഐപ്പ് സിനിമാസിന്റെ ബാനറിൽ നെൽസൺ ഐപ്പ് നിർമ്മിക്കുന്ന മധുരരാജ തിയേറ്ററുകളിലെത്തിക്കുന്നത് യു.കെ. സ്റ്റുഡിയോസാണ്.
ഫഹദ് ഫാസിലും സായിപല്ലവിയും ഒന്നിക്കുന്ന അതിരനാണ് മറ്റൊരു വിഷു റിലീസ്. പ്രമുഖ ബാനറായ സെഞ്ച്വറി ഫിലിംസ് ഏറെക്കാലത്തിനുശേഷം നിർമ്മാണ വിതരണ രംഗത്തേക്ക് മടങ്ങിയെത്തുന്ന അതിരൻ കഥയെഴുതി സംവിധാനം ചെയ്യുന്നത് നവാഗതനായ വിവേകാണ്. പി.എഫ്. മാത്യൂസാണ്അതിരന്റെ തിരക്കഥയും സംഭാഷണവുമെഴുതുന്നത്. അനു മൂത്തേടത്താണ് ഛായാഗ്രഹണം നിർവഹിക്കുന്നത്. സംഗീതം: പി.എസ്. ജയഹരി.സെഞ്ച്വറി ഇൻവെസ്റ്റ്സ്മെന്റ്സിന്റെ ബാനറിൽ നിർമ്മിക്കുന്ന ചിത്രം സെഞ്ച്വറി ഫിലിംസ് ഏപ്രിൽ 14 വിഷുദിനത്തിൽപ്രദർശനശാലകളിലെത്തിക്കും.