ന്യൂഡൽഹി: രാജ്യസേവനത്തിനിടെ പാകിസ്ഥാന്റെ പിടിയിലകപ്പെട്ട വ്യോമസേനാ വിംഗ് കമാൻഡർ അഭിനന്ദൻ വർത്തമാനുവേണ്ടിയുള്ള പ്രാർത്ഥനയിലാണ് ഇന്ത്യ. അഭിനന്ദന്റെ മോചനത്തിനുവേണ്ടി പാകിസ്ഥാനുമേൽ പരമാവധി സമ്മർദ്ദം ഇന്ത്യ തുടർന്നുകൊണ്ടിരിക്കുകയാണ്. ഒരു പോറലുമേൽക്കാതെ ധീരപുത്രൻ തിരിച്ചുവരുമെന്ന ഉറച്ച പ്രതീക്ഷയിൽ തന്നെയാണ് രാജ്യസ്നേഹിയായ ഓരോ പൗരനും. എന്നാൽ പാക് പിടിയിലാകുന്ന ആദ്യത്തെ വ്യോമസേനാ പൈലറ്റല്ല അഭിനന്ദൻ. ഗ്രൂപ്പ് ക്യാപ്ടൻ കമ്പപട്ടി നചികേതയാണ് മരണമുഖത്തു നിന്നും അത്ഭുതകരമായി രക്ഷപ്പെട്ടെത്തിയ ആ ധീര യോദ്ധാവ്.
1999ലെ കാർഗിൽ യുദ്ധസമയത്താണ് നചികേത പാക് തടവിൽ അകപ്പെടുന്നത്. ഫ്ളൈറ്റ് ലെഫ്റ്റനന്റ് ആയിരുന്നു ആ സമയം നചികേത. ശത്രുക്കളെ ലക്ഷ്യമാക്കി തന്റെ മിഗ് 27 യുദ്ധവിമാനത്തിൽ യാത്രയാരംഭിച്ച നചികേതയെ കാത്തിരുന്ന വിധി മറ്റൊന്നായിരുന്നു. വിമാനത്തിന്റെ എൻജിനിൽ പെട്ടെന്നുണ്ടായ തകരാറു കാരണം 17,000 അടി ഉയരത്തിൽ നിന്നും അദ്ദേഹത്തിന് താഴേക്ക് ചാടേണ്ടി വന്നു, അതും ശത്രുസൈന്യത്തിന്റെ പാളയത്തിലേക്ക്.
പൈശാചികമായ പീഡനമാണ് പാകിസ്ഥാനി സൈനികരിൽ നിന്നും തനിക്ക് നേരിടേണ്ടി വന്നതെന്ന് പിന്നീട് നചികേത മാദ്ധ്യമങ്ങളിൽ വെളിപ്പെടുത്തുകയുണ്ടായി. 'പിടികൂടിയ സൈനികർ മാരകമായി എന്നെ പ്രഹരിക്കുകയായിരുന്നു. എന്നെ വധിക്കണമെന്ന ഉദ്ദേശത്തോടുകൂടി തന്നെയായിരുന്നു അവരുടെ മർദ്ദനം. എന്നാൽ ഭാഗ്യമെന്നു പറയട്ടേ, അവരുടെ ഓഫീസർക്ക് എന്റെ അവസ്ഥ മനസിലാവുകയായിരുന്നു. ഏതു സാഹചര്യത്തിലാണ് ഞാൻ അവരുടെ തടവുകാരനായി മാറിയത് എന്ന് അയാൾക്ക് നന്നായി മനസിലായി. അദ്ദേഹം തന്റെ സൈനികരെ തടഞ്ഞു. അതുപോലും വളരെ പ്രയാസകരമായിരുന്നു. കാരണം പാക് പട്ടാളത്തിന് അത്രയധികം വിരോധമായിരുന്നു എന്നോട്'.
'അവിടെ നിന്നും തിരിച്ചുവരാൻ കഴിയുമെന്ന പ്രതീക്ഷ ഒരിക്കൽ പോലും എനിക്കുണ്ടായിരുന്നില്ല. പാക് തടവറയിൽ അനുഭവിക്കേണ്ടി വന്നതെല്ലാം വാക്കുകൾകൊണ്ട് വിവരിക്കാൻ കഴിയുന്നതല്ല. മാനസികമായും ശാരീരികമായും അനുഭവിക്കേണ്ടി വന്ന യാതനകൾ എത്രവലുതായിരുന്നു. മരണം മാത്രമാണ് രക്ഷപ്പെടാനുള്ള ഏക പോംവഴിയെന്ന് ഒടുവിൽ എനിക്കു തോന്നി'- നചികേത വ്യക്തമാക്കി.
എന്നാൽ രാജ്യത്തിനു വേണ്ടി ജീവൻ പണയം വച്ച ധീരസൈികനെ മരണത്തിന്റെ വായിലേക്ക് വിട്ടുകൊടുക്കാൻ ഇന്ത്യ തയ്യാറായിരുന്നില്ല. നചികേതയെ മോചിപ്പിക്കുവാനായി അന്താരാഷ്ട്രതലത്തിൽ പാകിസ്ഥാനുമേൽ അന്നത്തെ വാജ്പേയി സർക്കാർ കടുത്ത സമ്മർദ്ദം ചെലുത്തി. അമേരിക്കൻ മാദ്ധ്യമങ്ങളിലടക്കം ഇതുസംബന്ധിച്ച് തുടർച്ചയായി വാർത്തകൾ വന്നുകൊണ്ടേിരുന്നു. ഒടുവിൽ ആത്മസംഘർഷത്തിന്റെ എട്ടുനാളുകൾക്കിപ്പുറം നചികേതയെ മോചിപ്പിക്കാൻ പാകിസ്ഥാൻ തയ്യാറായി. 1999 ജൂൺ 3ന് വാഗബോർഡറിൽ വച്ച് നചികേതയെ ഇന്ത്യയ്ക്ക് കൈാറി. 2000ൽ വായുസേന പുരസ്കാരം നൽകിയാണ് നചികേതയെ രാജ്യം ആദരിച്ചത്.