ന്യൂഡൽഹി: പുൽവാമ ഭീകരാക്രമണത്തിൽ കഴിഞ്ഞ ദിവസം ഇന്ത്യ തിരിച്ചടി നൽകിയെങ്കിലും ആ തിരിച്ചടിയുടെ വിജയാഹ്ലാദം പെട്ടെന്നുതന്നെ അവസാനിച്ചു. ഇന്ത്യയുടെ വിങ് കമാൻഡർ അഭിനന്ദൻ പാകിസ്ഥാന്റെ തടവിലകപ്പെട്ട വാർത്തയും, ഇന്ത്യയുടെ യുദ്ധവിമാനം മിഗ് 21 തകർന്നതും രാജ്യത്തിന്റെ നിലവിലെ സ്ഥിതി പാടേ മാറ്റി. പാകിസ്ഥാൻ പോർവിമാനങ്ങൾ അതിർത്തി ലംഘിക്കാൻ ശ്രമിച്ചത് തടയാൻ ശ്രമിക്കുന്നതിനിടെയാണ് മിഗ് 21 തകർന്ന് ഇന്ത്യൻ പൈലറ്റ് പാക് സൈനികരുടെ പിടിയിലായത്.
പ്രധാനമന്ത്രി നരേന്ദ്രമോദി തക്ക നിർദ്ദേശങ്ങൾ നൽകിയിരുന്നെങ്കിലും അതെല്ലാം ഒറ്റ നിമിഷംകൊണ്ട് ഇല്ലാതായി. ഡൽഹിയിലെ വിജ്ഞാൻ ഭവനിൽ നാഷനൽ യൂത്ത് പാർലമെന്റ് വിജയികൾക്ക് അവാർഡ് നൽകുന്ന ചടങ്ങിൽ സംസാരിച്ചശേഷം ഇരിപ്പിടത്തിൽ മടങ്ങിയെത്തിയപ്പോഴാണു പ്രധാനമന്ത്രിയ്‌ക്ക് പാക് കടന്നുകയറ്റത്തെ സംബന്ധിച്ച സന്ദേശം ലഭിച്ചത്. പരിപാടിയ്‌ക്കു ശേഷം അദ്ദേഹം ധൃതിയിൽ മടങ്ങി. വിങ് കമാൻഡർ അഭിനന്ദനനെ എങ്ങനെ മോചിപ്പിക്കാനാവും എന്ന ചർച്ചയായിരുന്നു ഉന്നതതലങ്ങളിൽ നടക്കുന്നത്.
അമേരിക്ക വിലക്കിയിട്ടും പാകിസ്ഥാൻ എഫ് 16 ഉപയോഗിച്ചു, ഒറ്റപ്പെട്ട പാകിസ്ഥാന് അമേരിക്കയുടെ ഉപരോധ ശിക്ഷയും നേരിടേണ്ടിവരും. നയതന്ത്ര നീക്കങ്ങളിലൂടെ പാകിസ്ഥാനു മേൽ സമ്മർദ്ദം ചെലുത്തിയായിരുന്നു കേന്ദ്ര നീക്കം. അഭിനന്ദിനെ വിട്ടു കിട്ടണമെന്ന് പാക് ഉപസ്ഥാനപതിയെ വിളിച്ചു വരുത്തി ഇന്ത്യ ഇന്നലെ ആവശ്യപ്പെട്ടിരുന്നു.
ഇത് കൂടാതെ ചർച്ച ചെയ്‌ത് പ്രശ്നങ്ങൾ പരിഹരിക്കാമെന്ന പാക് പ്രധാനമന്ത്രിയുടെ വാക്കുകൾക്ക് മറുപടിയായി പാക് ഭീകര ക്യാമ്പുകളെകുറിച്ചുള്ള തെളിവുകളും ഇന്ത്യ കൈമാറിയിരുന്നു. ജയ്‌ഷെ ഭീകരക്യാമ്പുകളിലെ ഇന്ത്യൻ പ്രഹരത്തിന് തിരിച്ചടിയായിട്ടാണ് ഇന്നലെ കശ്‌മീർ അതിർത്തിയിൽ പാകിസ്ഥാന്റെ പോർവിമാനങ്ങൾ ആക്രമണത്തിന് ശ്രമിച്ചത്.
എന്നാൽ, സൈനിക ക്യാമ്പുകൾ ലക്ഷ്യമിട്ട പാക് പോർവിമാനങ്ങളെ തുരത്തി വ്യോമസേന കരുത്ത് കാട്ടുകയായിരുന്നു. അതേസമയം, രാജ്യം സുരക്ഷിത കരങ്ങളിലാണ് എന്ന് ചൊവ്വാഴ്ച മോദി പ്രസംഗിച്ചതാണ്. മോദിയുടെ കരങ്ങൾ തന്നെയാണ് അഭിനന്ദനെ തിരിച്ചെത്തിക്കേണ്ടതും. മോദിയുടെ അടുത്ത നീക്കമെന്താകുമെന്ന കാത്തിരിപ്പിലാണ് രാജ്യം.