സിനിമാതാരങ്ങളുടെ വാഹനഭ്രമം പണ്ടേ പ്രസിദ്ധമാണ്. മെഗാതാരം മമ്മൂട്ടി മുതൽ അദ്ദേഹത്തിന്റെ മകൻ ദുൽഖർ സൽമാൻ ഇക്കാര്യത്തിൽ മുൻപന്തിയിലാണ്. പലപ്പോഴും തങ്ങളുടെ ആഡംബരവാഹനങ്ങൾ താരങ്ങൾ സ്വന്തമായി ഓടിച്ച് എത്തുന്നതിന്റെ വീഡിയോകൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിട്ടുണ്ട്. നമ്മുടെ യുവസൂപ്പർതാരം ടൊവിനോ തോമസും അടുത്തിടെ രണ്ട് ആഡംബരവാഹനങ്ങൾ സ്വന്തമാക്കുകയുണ്ടായി. ബി.എം.ഡബ്ല്യുവിന്റെ ഒന്നരകോടിയുടെ കാറും മൂന്ന് ലക്ഷത്തിന്റെ ബൈക്കുമാണ് ടൊവിനോ മച്ചാൻ തന്റെ ഗാരേജിലെത്തിച്ചത്.
എന്നാൽ കടുത്ത വാഹനഭ്രമം കൊണ്ടാണ് താരം ഇത്രയധികം കാശുമുടക്കി കാറും ബൈക്കും വാങ്ങിയതെന്നാണ് കരുതുന്നതെങ്കിൽ തെറ്റി. ഓരോസമയത്തുള്ള തന്റെ ഓരോ വട്ടാണതെന്നാണ് ടൊവിനോ പറയുന്നത്. 'ഒരു സെഡാൻ കാറ് വേണം എന്നുണ്ടായിരുന്നു. അപ്പോൾ ഈ കാറ് വളരെ കംഫർട്ടബിളായിട്ടുള്ളതാണെന്ന് തോന്നി. ഡ്രൈവറെ സംബന്ധിച്ചായാലും, പാസഞ്ചേഴ്സിനായാലും. അതിനെപ്പറ്റി കൂടുതലറിഞ്ഞപ്പോൾ, ലോണൊക്കെ എടുത്ത് വണ്ടി വാങ്ങണമെന്ന് തോന്നി. അത്രേയുള്ളൂ, അല്ലാതെ ഞാൻ ഭയങ്കര ഡ്രൈവിംഗ് ക്രേസുള്ള ആളൊന്നുമല്ല. ആ ഒരു ഏരിയയിലൊക്കെ ഞാൻ ഭയങ്കര ബോറനാണ്'- ടൊവിനോ പറയുന്നു.