ഇസ്‌ലാമാബാദ്: ഇന്ത്യൻ വ്യോമസേന വെടിവച്ചിട്ട എഫ്16 പാക് പോർവിമാനത്തിന്റെ ദൃശ്യങ്ങൾ വാർത്താ ഏജൻസിയായ എ.എൻ.ഐ പുറത്തുവിട്ടു. ഇന്ത്യൻ സെെനിക പോസ്റ്റുകൾക്കു നേരെ ആക്രമണം നടത്താൻ ശ്രമിക്കുന്നതിനിടെയായിരുന്നു എഫ്16നെ വെടിവച്ചിട്ടത്. പാകിസ്ഥാന്റെ 7 നോർത്തേൺ ലൈറ്റ് ഇൻഫൻട്രി കമാൻഡിംഗ് ഓഫീസർ വിമാനത്തിന്റെ അവശിഷ്ടങ്ങൾ പരിശോധിക്കുന്ന ചിത്രമാണ് പുറത്തുവന്നിരിക്കുന്നത്.
അതിർത്തിയിൽ സൈനിക കേന്ദ്രങ്ങൾ പാകിസ്ഥാൻ ആക്രമിച്ചെന്ന വാർത്ത ഇന്ത്യ കഴിഞ്ഞ ദിവസം സ്ഥിരീകരിച്ചിരുന്നു. വ്യോമസേനയുടെ ഒരു മിഗ് -21 വിമാനം നഷ്ടപ്പെട്ടെന്നും ഒരു പൈലറ്റിനെ കാണാനില്ലെന്നുമാണ് വിദേശകാര്യ വക്താവ് രവീഷ് കുമാർ വാർത്ത സമ്മേളനത്തിൽ അറിയിച്ചത്.
ഒരു ഇന്ത്യൻ പൈലറ്റിനെ പാകിസ്ഥാൻ അറസ്റ്റ് ചെയ്‌തെന്ന് അവർ അവകാശപ്പെട്ടിട്ടുണ്ടെന്നും രവീഷ് കുമാർ പറഞ്ഞു. ഇതിന് പിന്നാലെ പാകിസ്ഥാന്റെ എഫ്-16 വിമാനം ഇന്ത്യൻ സേന തകർത്തെന്നും കുടുതൽ വിവരങ്ങൾ ലഭിക്കാനുണ്ടെന്നും അതിന് വേണ്ടി കാത്തിരിക്കുകയാണെന്നും വിദേശകാര്യ വക്താവ് പറഞ്ഞിരുന്നു.