ന്യൂഡൽഹി : യുദ്ധസമാനമായ സാഹചര്യത്തിലും വിജയിക്കുമെന്ന് ഒരു നൂറാവർത്തി ഉറപ്പുണ്ടെങ്കിലും ഒരു യുദ്ധത്തിലേക്ക് ഇറങ്ങി പുറപ്പെടാൻ പാകിസ്ഥാനെക്കാളും മടി ഒരു പക്ഷേ ഇന്ത്യയ്ക്കാവും. തകർന്ന് തരിപ്പണമായ സമ്പദ്‌വ്യവസ്ഥയുമായി നട്ടം തിരിയുന്ന പാകിസ്ഥാന് യുദ്ധം ആത്മഹത്യാപരമാവും, എന്നാൽ ലോക സാമ്പത്തിക ശക്തിയായി കുതിക്കുന്ന ഇന്ത്യയ്ക്ക് യുദ്ധം അതേൽപ്പിക്കുന്ന ആഘാതം ഇപ്പോൾ നേടിയ വികസനത്തെ വർഷങ്ങളോളം പിന്നോട്ടടിക്കുന്നതാവുമെന്നാണ് സാമ്പത്തിക വിദഗ്ദ്ധർ ചൂണ്ടിക്കാണിക്കുന്നത്.
ജനിച്ച നാളുമുതൽ പാകിസ്ഥാന്റെ ഒരേയൊരു ലക്ഷ്യം ഇന്ത്യയെ തോൽപ്പിക്കുക എന്നതാണ്. പലയാവർത്തി അതിനായി പലവഴികളിലൂടെ ശ്രമിച്ചിട്ടും പരാജയം മാത്രമാണ് അവർക്ക് രുചിക്കാനായത്. കാശ്മീർ പ്രശ്നത്തെ ആളിക്കത്തിച്ചാണ് പാക് മണ്ണിൽ നിന്നും ഭീകരരെ ഇങ്ങോട്ട് കയറ്റിവിടുന്നത്. എന്നാൽ ഈ പ്രശ്നത്തെ ഇന്ത്യയുടെ താത്പര്യം പോലെ പരിഹരിക്കാവുന്ന ഒരു സമയം നമ്മൾ പാഴാക്കിയിരുന്നു. 1971ലെ ഇന്ത്യാ പാക് യുദ്ധാനന്തരം നടന്ന സിംല ഉടമ്പടിയിലായിരുന്നു ഇത്. പാകിസ്ഥാന്റെ കറുത്ത കരങ്ങളിൽ നിന്നും ബംഗ്ലാദേശിന് ജന്മം നൽകിയ യുദ്ധത്തിൽ 93,000 പാകിസ്ഥാൻ പട്ടാളക്കാരാണ് ഇന്ത്യക്കാർക്ക് മുമ്പിൽ കീഴടങ്ങിയത്. ഇവരെ എട്ടു മാസം തടവിൽ എല്ലാ സൗകര്യങ്ങളും നൽകി സംരക്ഷിച്ച ശേഷം പാക് പട്ടാളക്കാരെ പാകിസ്ഥാന് വിട്ടുകൊടുക്കുകയായിരുന്നു. പ്രധാനമന്ത്രി ഭൂട്ടോയുമായി സിംല കരാറിൽ ഒപ്പ് വച്ച് പാക് പട്ടാളക്കാരെ വിട്ടയച്ചപ്പോൾ ഇന്ദിരാഗാന്ധിക്ക് കാശ്മീർ പ്രശ്നപരിഹാരം ആവശ്യപ്പെടാമായിരുന്നു. എന്തുകൊണ്ടോ അന്ന് അവർ അത് ചെയ്തില്ല.
പാകിസ്ഥാനു മേൽ കടുത്ത സമ്മർദ്ദം, ഇന്ത്യൻ പൈലറ്റ് അഭിനന്ദനെ ഉടൻ മോചിപ്പിക്കും
പാകിസ്ഥാൻ ഇന്ത്യയോട് കീഴടങ്ങിയ ദിവസം, പിന്നീട് ബംഗ്ലാദേശ് പ്രസിഡന്റായ അബു സയിദ് ചൗധരി ഇന്ത്യൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയ്ക്ക് ഒരു കത്തയച്ചു അതിൽ എഴുതിയിരുന്നത് ഇപ്രകാരമായിരുന്നു. 'മൂർഖൻ പാമ്പിന്റെ വാൽ മുറിക്കുമ്പോൾ, അതിന്റെ തല പത്തിരട്ടി വിഷമയമാവും. അതുകൊണ്ട് ഏകപക്ഷീയമായി വെടിനിർത്തൽ പ്രഖ്യാപിക്കരുത്.' അതായത് പാകിസ്ഥാനെ വേണ്ട രീതിയിൽ ശിക്ഷിച്ച് വേണം അവരെ വിടാൻ അല്ലെങ്കിൽ അവർ വിഷം തുപ്പി വീണ്ടും വരുമെന്ന മുന്നറിയിപ്പായിരുന്നു അന്ന് അദ്ദേഹം നൽകിയത്. ഇത് സത്യമാവുന്ന കാഴ്ചയാണ് പിന്നീട് കാണാനായത്.