ന്യൂഡൽഹി: സ്ഥിതിഗതികൾ കൂടുതൽ രൂക്ഷമായതോടെ സംഝോത എക്‌സ്‌പ്രസ് സർവീസ് പാകിസ്ഥാൻ നിറുത്തിവച്ചു. ലാഹോറിൽ നിന്ന് ഇന്ത്യയിലേക്ക് ആഴ്‌ചയിൽ രണ്ടു ദിവസമാണ് സംഝോത എക്‌സ്‌പ്രസ് സർവീസ് നടത്തുന്നത്. ഇന്ത്യാക്കാരായ യാത്രക്കാർ കുടുങ്ങിക്കിടക്കുകയാണ്. ഇവരെ ബസിൽ നാട്ടിലെത്തിക്കാനുള്ള ശ്രമം ആരംഭിച്ചിട്ടുണ്ട്.
കരാർ എന്നാണ് ഹിന്ദി വാക്കായ സംഝോതയുടെ അർത്ഥം. മൂന്ന് എ.സി കോച്ചുകളും, ആറ് സ്ളീപ്പർ കോച്ചുകളുമടങ്ങുന്നതാണ് സംഝോത എക്‌സ്‌പ്രസ്. ഷിംല ഉടമ്പടി പ്രകാരം 1976 ജൂലായ് 22നാണ് സംഝോത എക്‌സ്‌പ്രസ് സേവനം ആരംഭിച്ചത്.
അതേസമയം നിയന്ത്രണരേഖയിൽ പാകിസ്ഥാൻ വെടിനിറുത്തൽ കരാർ ലംഘനം തുടരുകയാണ്. പൂഞ്ച് മേഖലയിലാണ് ഇന്ത്യൻ സൈനിക പോസ്റ്റുകൾക്ക് നേരെ പാക് വെടിവയ്‌പ്പുണ്ടായത്. ഇന്നലെയും പാകിസ്ഥാന്റെ ഭാഗത്ത് നിന്ന് പ്രകോപനം ഉണ്ടായിരുന്നു. രാവിലെ ആറിന് തുടങ്ങിയ വെടിവയ്‌പ് ഒരുമണിക്കൂർ നീണ്ടു.