ന്യൂഡൽഹി: പാകിസ്ഥാൻ ഭീകരാക്രമണത്തെ തുടർന്ന് ഇന്ത്യയ്‌ക്ക് പിന്തുണ അറിയിച്ച് അമേരിക്ക. പാകിസ്ഥാനിലെ ജെയ്‌ഷെ മുഹമ്മദ് ഭീകരകേന്ദ്രങ്ങൾ തകർത്ത ഇന്ത്യയുടെ നടപടിയെ പിന്തുണയ്‌ക്കുന്നെന്നാണ് അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ അറിയിച്ചത്. ഇന്ത്യയുടെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലിനെ ഫോണിൽ വിളിച്ചാണ് അദ്ദേഹം പിന്തുണ പ്രഖ്യാപിച്ചത്.
മൈക്ക് പോംപിയോ കഴിഞ്ഞദിവസം രാത്രിയിലാണ് അജിത് ഡോവലുമായി ഫോണിൽ ബന്ധപ്പെട്ടത്. ഫെബ്രുവരി 26-ന് ഇന്ത്യ നടത്തിയ മിന്നലാക്രമണത്തെ പിന്തുണച്ച പോംപിയോ ഭീകരവാദത്തിനെതിരായ എല്ലാനടപടികൾക്കും കൂടെയുണ്ടാകുമെന്ന് ഉറപ്പുനൽകി.
''മേഖലയിൽ സമാധാനം പാലിക്കണം. ഒരു തരത്തിലും സൈനിക നടപടി പാടില്ല. പ്രകോപനപരമായ പ്രസ്താവനകളോ നടപടികളോ മേഖലയിൽ നടത്തരുത്. അതിർത്തി മേഖലയിൽ ഉള്ള ഭീകര ക്യാമ്പുകൾക്കെതിരെ ഉടൻ പാകിസ്ഥാൻ നടപടി എടുത്തേ മതിയാകൂ.'' മൈക്ക് പോംപിയോ നേരത്തെ പുറത്തിറക്കിയ പ്രസ്‌താവനയിൽ പറഞ്ഞിരുന്നു.