മെഗാ സ്‌റ്റാർ മമ്മൂട്ടിയുടെ തന്നെ കരിയറിലെ ഏറ്റവും വലിയ ചിത്രം എന്ന പെരുമയുമായാണ് മാമാങ്കം എന്ന ചിത്രം പ്രഖ്യാപിക്കപ്പെട്ടത്. പ്രാചീന കാലത്ത് ഭാരപ്പുഴയുടെ തീരത്ത് 12 വർഷത്തിൽ നടന്നുവന്നിരുന്ന അങ്കക്കലിയുടെ കഥയായിരന്നു മാമാങ്കം. ഒരു വടക്കൻ വീരഗാഥയ്‌ക്കു ശേഷം അങ്കച്ചേകവനായി മമ്മൂട്ടി എത്തുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ടായിരുന്നു. എന്നാൽ തുടക്കം മുതൽ തന്നെ തർക്കങ്ങളും പ്രശ്‌നങ്ങളും സിനിമയെ വിടാതെ പിന്തുടരുകയായിരുന്നു. ഒടുവിൽ സംവിധായകൻ സജീവ് പിള്ളയ്‌ക്കെതിരെ കടുത്തവിമർശവുമായി ചിത്രത്തിന്റെ നിർമ്മാതാവ് വേണു കുന്നപ്പള്ളി രംഗത്തെത്തുകയും ചെയ്‌തു. മാമാങ്കത്തിൽ നിന്ന് സജീവ് പിള്ളയെ പുറത്താക്കുകയാണെന്ന നിർമ്മാതാവിന്റെ വാക്കുകൾ ഞെട്ടലോടെയാണ് സിനിമാലോകം കേട്ടത്.
ഇപ്പോഴിതാ കാര്യങ്ങൾക്ക് കൂടുതൽ വ്യക്തതയുമായി എത്തിയിരിക്കുകയാണ് സജീവ് പിള്ള. ആരംഭം മുതൽ തന്നെ ചിലപ്രശ്‌നങ്ങൾ ഉണ്ടായിരുന്നെങ്കിലും കാര്യങ്ങൾ കൂടുതൽ കലുഷിതമായത് ആന്ധ്രാപ്രദേശിൽ നിന്നുളള ഒരു വ്യക്തിയുടെ ഇടപെടൽ ആയിരുന്നുവെന്ന് പറയുകയാണ് അദ്ദേഹം. 'സിനിമയുടെ പ്ളോട്ടു തന്നെ മാറ്റണമെന്ന് അയാൾ പറയുകയായിരുന്നു. അതൊന്നും ഒരിക്കലും എന്നെ സംബന്ധിച്ച് അംഗീകരിക്കാൻ കഴിയുന്ന കാര്യങ്ങളായിരുന്നില്ല'- സജീവ് പിള്ള പറയുന്നു.
ഞാൻ ഇത്രയും നാൾ കൊണ്ടു നടന്ന ഒന്നാണ് മാമാങ്കം. ആരെങ്കിലും പെട്ടെന്ന് വന്ന് ഇടപെട്ട് ഇതിനെ ചീത്തയാക്കുന്നതിൽ അർത്ഥമില്ല. ഞാൻ ചെയ്യാൻ ഉദ്ദേശിക്കുന്നത് എന്റെയൊരു പടമാണ്. അതിനകത്ത് എന്തെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ അതു പരിഹരിക്കാൻ ഞാൻ തയ്യാറായിരുന്നു. എല്ലാ ഘട്ടങ്ങളിലും ഞാൻ തയ്യാറായിരുന്നു. ഈ സിനിമയുടെ നന്മയ്‌ക്കു വേണ്ടി എന്തുതരത്തിലുള്ള വിട്ടുവീഴ്‌ചയ്‌ക്കും ഞാൻ തയ്യാറായിരുന്നു.
വളരെ വലിയ കാസ്‌റ്റാണ് ചിത്രത്തിനായി ഉദ്ദേശിച്ചത്. ഇന്ത്യയിലെ വളരെ പ്രധാനപ്പെട്ട ഒരു നടിയെ കണ്ട് സംസാരിക്കുകയും അവർ പാതി സമ്മതം മൂളുകയും ചെയ്‌തിരുന്നു. ഐശ്വര്യ റായി ആയിരുന്നു അത്. എല്ലാം ബഡ്‌ജറ്റിന്റെ പുറത്തും പരിമിതിക്കുമിടയിൽ മാറുകയയിരുന്നു.
പ്രശ‌്നങ്ങൾ ആരംഭിച്ചപ്പോൾ ഒരു അസോസിയേറ്റിനെ വയ്‌ക്കാൻ ശ്രമമുണ്ടായി. എന്നാൽ മമ്മൂക്ക ഇടപെട്ടാണ് അത് തടഞ്ഞത്. പിന്നീട് മമ്മൂക്കയുടെ വീട്ടിൽ വച്ച് വളരെ പ്രധനപ്പെട്ട ഒരു മീറ്റിംഗ് നടന്നിരുന്നു. അതിൽ എടുത്ത തീരുമാനങ്ങളൊന്നും തന്നെ പാലിക്കപെട്ടില്ല.