ന്യൂഡൽഹി : മാതൃരാജ്യത്തെ ആക്രമിക്കാനെത്തിയ ശത്രു വിമാനത്തെ തുരത്തുന്നതിനിടെ തകരാറിലായ വിമാനത്തിൽ നിന്നും ഇജക്ട് ചെയ്ത് പാരച്ച്യൂട്ടിൽ രക്ഷപ്പെട്ട് നിലം തൊട്ടപ്പോൾ ഓടിക്കൂടിയ നാട്ടുകാരോട് അഭിനന്ദൻ തിരക്കിയത് ഇത് ഇന്ത്യയാണോ പാകിസ്ഥാനാണോ എന്നതാണ്. സംശയത്തെ തുടർന്ന് ഇന്ത്യയെ പ്രകീർത്തിക്കുന്ന വാക്കുകൾ വിളിച്ച് പറഞ്ഞപ്പോഴേക്കും ചുറ്റും കൂടിയവർ അദ്ദേഹത്തെ ആക്രമിക്കുകയായിരുന്നുവെന്ന് പാക് മാദ്ധ്യമമായ ഡോൺ റിപ്പോർട്ട് ചെയ്യുന്നു. ഇതോടെയാണ് താൻ അതിർത്തി കടന്ന് ശത്രുരാജ്യത്തിന്റെ മണ്ണിലാണ് വീണതെന്ന് അഭിനന്ദൻ മനസിലാക്കുന്നത്. തുടർന്ന് ചെറു പിസ്റ്റളെടുത്ത് യുവാക്കൾക്ക് നേരെ ചൂണ്ടിയശേഷം ആകാശത്തേയ്ക്ക് നിറയൊഴിക്കുകയും പിന്നിലേക്ക് ഓടുകയും ചെയ്യുകയായിരുന്നു ഇന്ത്യൻ വൈമാനികൻ ചെയ്തതെന്നും ഡോൺ റിപ്പോർട്ട് ചെയ്യുന്നു.
സമീപത്തായി ഉണ്ടായിരുന്ന ചെറുകുളത്തിലിറങ്ങിയ അഭിനന്ദൻ കൈയ്യിലുണ്ടായിരുന്ന ചില കടലാസുകൾ അതിൽ മുക്കി നശിപ്പിക്കുകയും, ചിലത് വിഴുങ്ങുകയും ചെയ്തതായും പ്രാദേശികവാസിയായ യുവാവ് മുഹമ്മദിന്റെ വാക്കുകൾ ഉദ്ധരിച്ച് ഡോൺ റിപ്പോർട്ട് ചെയ്യുന്നുണ്ട്. രേഖകൾ കുതിർത്ത് നശിപ്പിച്ച ശേഷമാണ് തോക്ക് മാറ്റിവച്ച് അഭിനന്ദൻ കീഴടങ്ങാൻ സന്നദ്ധനായത്.
യുവാക്കൾ കല്ലുകളെറിഞ്ഞ് ആക്രമിക്കാൻ ശ്രമിക്കുന്നതിനിടെയാണ് സൈന്യം എത്തി അഭിനന്ദനെ കൂട്ടിക്കൊണ്ട് പോയത്. തുടർന്ന് പാക് മാദ്ധ്യമങ്ങൾ പുറത്ത് വിട്ട വീഡിയോയിലും അഭിനന്ദന്റെ മുഖത്ത് ചോരപ്പാടുകൾ കാണാനാവുന്നുണ്ട്. മർദ്ദനമേറ്റതിന്റെ തെളിവായി കണ്ട് ഇന്ത്യ ശക്തമായി അപലപിക്കുകയും എത്രയും വേഗം വൈമാനികനെ തിരികെ എത്തിക്കാൻ പാകിസ്ഥാന് താക്കീത് നൽകുകയുമായിരുന്നു.