ന്യൂഡൽഹി: പാകിസ്ഥാന്റെ പിടിയിലായ ഇന്ത്യൻ വൈമാനികനെ വച്ച് വില പേശാൻ അനുവദിക്കില്ലെന്ന് ഇന്ത്യ. പാകിസ്ഥാനുമായുള്ള ചർച്ച ഭീകരതയ്ക്കെതിരെ നടപടിയെടുത്തതിനു ശേഷമെന്നും ഇന്ത്യ വ്യക്തമാക്കി. അഭിനന്ദനെ ഉപാധികളില്ലാതെ വിട്ടയക്കണമെന്ന് ശക്തമായ ആവശ്യം ഉന്നയിച്ചിട്ടുണ്ട്. ഇത് ചർച്ചയ്ക്കോ, ധാരണയ്ക്കോ ഉള്ള വിഷയമല്ല.
ഇരുപത് വിമാനങ്ങളാണ് ഇന്ത്യയെ ലക്ഷ്യമാക്കി എത്തിയത്. പാകിസ്ഥാൻ ലക്ഷ്യമിട്ടത് ഇന്ത്യൻ സെെനിക കേന്ദ്രങ്ങളെയാണ്. അതേസമയം, ഇന്നലെ പാക് വിമാനങ്ങൾക്കെതിരെ ഇന്ത്യ തിരിച്ചടിച്ചിരുന്നു. ഇതുസംബന്ധിച്ച് കര വ്യോമ സേനകളുടെ സംയുക്ത വാർത്താ സമ്മേളനം വെെകിട്ട് അഞ്ചിന് നടക്കും.
വൈമാനികനെ വിട്ട് നൽകണമെന്ന ഇന്ത്യൻ ആവശ്യത്തോട് ഔദ്യോഗിക പ്രതികരണത്തിനും പാകിസ്ഥാൻ തയ്യാറായിട്ടില്ല. ഈ സാഹചര്യത്തിലാണ് നയതന്ത്ര തലത്തിലും അന്താരാഷ്ട്ര സമൂഹത്തിന് മുന്നിലും നീക്കങ്ങൾ ഇന്ത്യ ശക്തമാക്കിയത്. അതേസമയം, വിങ് കമാൻഡറെ വിട്ട് നൽകാതെ പാകിസ്ഥാൻ വിലപേശൽ സാധ്യത മുന്നോട്ട് വയ്‌ക്കുമോ എന്ന ആശങ്കയും വിദേശകാര്യ മന്ത്രാലയം പ്രകടിപ്പിക്കുന്നുണ്ട്.