isro-and-indian-defence

ന്യൂഡൽഹി: പുൽവാമ ഭീകരാക്രമണത്തിന് പ്രത്യാക്രമണമായി പാകിസ്ഥാനിൽ കടന്നു ചെന്ന് ഭീകരതാവളം നശിപ്പിക്കാൻ ഇന്ത്യയ്‌ക്ക് കഴിഞ്ഞത് നമ്മുടെ സാറ്റലൈറ്റ് മികവുകൊണ്ടാണ്. ഇന്ത്യൻ സ്‌പേസ് റിസർച്ച് ഓർഗനൈസേഷന്റെ ( ഐ.എസ്.ആർ.ഒ) മികച്ച സാങ്കതികവിദ്യയാണ് വ്യോമസേനയെ ബാൽകോട്ടിലെ ശത്രുപാളയം തകർത്ത് തരിപ്പണമാക്കാൻ സഹായിച്ചത്, അതും സാധാരണ ജനങ്ങളുടെ ജീവനോ സ്വത്തിനോ യാതൊരു തരത്തിലുള്ള അപകടവും സംഭവിക്കാതെ.

പാകിസ്ഥാനിലെ 87ശതമാനം പ്രദേശവും ഇന്ത്യൻ സാറ്റലൈറ്റുകൾക്ക് ഒപ്പിയെടുക്കാൻ കഴിയും. കുറച്ചുകൂടി വ്യക്തമായി പറഞ്ഞാൽ 8.8 ലക്ഷം ചതുരശ്ര കിലോമീറ്ററുള്ള പാകിസ്ഥാന്റെ 7.7 ചതുരശ്ര കിലോമീറ്ററും ഇന്ത്യൻ ഉപഗ്രഹ കണ്ണുകൾക്ക് ദൃശ്യമാണ് എന്നർത്ഥം. എന്നാൽ ഇത് പാകിസ്ഥാനിൽ മാത്രമല്ല ചെനയുടേതൊഴിച്ച് 14 അയൽ രാജ്യങ്ങളുടെ വിവരങ്ങളും ഇത്തരത്തിൽ ഇന്ത്യയ്‌ക്ക് ലഭ്യമാണ്.

ഐ.എസ്.ആർ.ഒയുടെ അഭിമാന ഉപഗ്രഹപരമ്പരയായ കാർട്ടോസാറ്റ് വഴിയാണ് ഈ വിവരങ്ങൾ ഇന്ത്യയ്‌ക്ക് ലഭിക്കുന്നത്. ഇന്റഗ്രേറ്റഡ് മാനേജ്‌മെന്റ് ബോർഡർ സംവിധാനമുപയോഗിച്ച് പാകിസ്ഥാൻ അതിർത്തിയിലുള്ള വീടുകളുടെ മുറികളുടെ ചിത്രങ്ങൾ വരെ വ്യക്തമായി ലഭിക്കും. കാർട്ടോസാറ്റ് ഉപഗ്രഹങ്ങൾ, ജി സാറ്റ്-7, ജി സാറ്റ്-7 എ, ഇന്ത്യൻ റീജിയണൽ നാവിഗേഷൻ സാറ്റലൈറ്റ് സിസ്‌റ്റം (ഐ.ആർ.എൻ.എസ്), മൈക്രോസാറ്റ്,റിസാറ്റ്, ഹൈപ്പർ സ്‌പെക്‌ട്രൽ ഇമേജിംഗ് സാറ്റലൈറ്റ് എന്നിവയാണ് ഈ മേഖലയിൽ ഇന്ത്യൻ പ്രതിരോധ സംവിധാനത്തിന്റെ കരുത്ത്.