ന്യൂഡൽഹി: ബുധനാഴ്‌ച നടത്തിയ ആക്രമണത്തിൽ ഇന്ത്യയുടെ രണ്ട് പോർ വിമാനങ്ങൾ വെടിവച്ചിട്ടെന്നും രണ്ട് ഇന്ത്യൻ പൈലറ്റുമാരെ അറസ്റ്റ് ചെയ്തെന്നുമുള്ള അവകാശവാദം സ്ഥാപിക്കാൻ പാകിസ്ഥാൻ
സാമൂഹ്യമാദ്ധ്യമങ്ങളിൽ കള്ളക്കളി നടത്തിയെന്ന് വ്യക്തമായി. കാശ്‌മീരിൽ തങ്ങൾ വീഴ്‌ത്തിയ ഇന്ത്യൻ വിമാനങ്ങൾ എന്ന പേരിൽ പാകിസ്ഥാൻ ഫേസ് ബുക്കിലും ട്വിറ്ററിലും യൂ ട്യൂബിലും തകർന്ന വിമാനങ്ങലുടെ ഏതാനും ചിത്രങ്ങൾ പോസ്റ്റ് ചെയ്‌തിരുന്നു. വാർത്താ ഏജൻസിയായ എ. എഫ്. പി നടത്തിയ സൂക്ഷ്‌മ പരിശോധനയിൽ ഇത് വ്യാജമാണെന്ന് തെളിഞ്ഞു. 2015ൽ ഒഡിഷയിലും 2016ൽ രാജസ്ഥാനിലും തകർന്നു വീണ ഇന്ത്യൻ പോർവിമാനങ്ങളുടെ ചിത്രങ്ങളായിരുന്നു അവ.കള്ളത്തരം ബുധനാഴ്‌ച തന്നെ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തതോടെയാണ് പാകിസ്ഥാൻ നിലപാട് മാറ്റിയത്. ഇന്ത്യയുടെ ഒരു വിമാനം വീഴ്‌ത്തിയെന്നും ഒരു പൈലറ്റാണ് കസ്റ്റഡിയിലുള്ളതെന്നും പിന്നീട് പാക് വക്താവ് ഔദ്യോഗികമായി അറിയിക്കാൻ നിർബന്ധിതമായി.