പുലി മുരളും പോലെ ഒരൊച്ച രാഹുലിൽ നിന്നുയർന്നു.
ഒപ്പം ധനപാലന്റെ ഷർട്ടിൽ കുത്തിപ്പിടിച്ചുയർത്തി. ശേഷം റിവോൾവർ ഇടം കയ്യിലേക്കു മാറ്റിയിട്ട് വലതുകൈവീശി ഒറ്റയടി.
ധനപാലന്റെ കവിളടക്കം!
നനഞ്ഞ തുണി കല്ലിൽ അടിക്കുമ്പോഴത്തേതു പോലെ ഒരു ശബ്ദം കേട്ടു. ധനപാലന്റെ മുഖം കോടിപ്പോയി...
രാഹുൽ, അയാളുടെ താടിയിൽ പിടിച്ച് തനിക്ക് അഭിമുഖമായി നിർത്തി. തുടർന്ന് ആ കണ്ണുകളിലേക്കു നോട്ടം നട്ടു.
''ധനപാലാ... നിന്നെ ഞാൻ കൊല്ലാതിരിക്കണോയെന്ന് പിന്നീടു ചിന്തിക്കാം. പക്ഷേ ഈ ഇവളെ ഉപയോഗിച്ച് എന്റെ അച്ഛനെ കൊല്ലിച്ചത് എന്തിന്? ആരു പറഞ്ഞിട്ട്? "
ധനപാലൻ വല്ല വിധേനയും ഉമിനീരിറക്കി.
രാജസേനൻ സാറിനോട് എനിക്ക് യാതൊരു വിരോധവും ഉണ്ടായിരുന്നില്ല. പക്ഷേ സി.എം പറഞ്ഞാൽ അനുസരിക്കാതിരിക്കാൻ പറ്റില്ലല്ലോ.....''
രാഹുൽ തലകുടഞ്ഞു:
'' സംഭവിച്ചത് ഇങ്ങനെയാണെന്ന് എനിക്കറിയാമായിരുന്നു. പക്ഷേ അത് നിന്റെ നാവിൽ നിന്നു തന്നെ കേൾക്കണമായിരുന്നു.''
രാഹുൽ റിവോൾവർ അയാളുടെ തൊണ്ടക്കുഴിയിൽ കുത്തി.
''ഒരു സെക്കന്റിന്റെ പത്തിലൊന്നു സമയം മതി നിനക്ക് പരലോകത്തേക്കു പോകുവാൻ. തീർത്തേക്കട്ടേ?'
'' അയ്യോ... വേണ്ടാ.....'' ധനപാലൻ വല്ലാതെ വിളറി. മുഖത്ത് മുത്തുമണികൾ പോലെ വിയർപ്പുതുള്ളികൾ രൂപം കൊണ്ടു...
''എങ്കിൽ നിന്റെ ഫോണെടുക്ക്.'' രാഹുൽ കൽപ്പിച്ചു.
വിറപൂണ്ട വിരലുകൾ കൊണ്ട് ധനപാലൻ ഫോൺ എടുത്തു.
''ഇനി നീ സി.എമ്മിനെ വിളിക്ക്. പിന്നെ ഞാൻ പറയുന്നതുപോലെ പറയ്.''
രാഹുൽ, ധനപാലനോട് ചില കാര്യങ്ങൾ പറഞ്ഞേൽപ്പിച്ചു.
മുഖ്യമന്ത്രി വേലായുധൻ മാസ്റ്റർ അപ്പോൾ സംതൃപ്തമായ മനസ്സോടെ കിടക്കാൻ ഭാവിക്കുകയായിരുന്നു.
താൻ പ്രതീക്ഷിച്ചതുപോലെ തന്നെ കാര്യങ്ങൾ നടന്നിരിക്കുന്നു....
ഇനി തനിക്കെതിരെ കളിക്കാൻ രാഹുൽ ധൈര്യപ്പെടില്ല. രാജസേനന്റെ ഗ്രൂപ്പിൽപെട്ട എം.എൽ.എ മാരെയും വരുതിക്കു നിർത്തുവാൻ തനിക്കറിയാം. അല്ലെങ്കിൽ എല്ലിൻ കഷണങ്ങൾ പോലെ വല്ലതും ഇട്ടുകൊടുത്താൽ മതി.
നായ്ക്കളെപ്പോലെ വാലാട്ടിക്കൊണ്ട് അവന്മാർ തനിക്കു പിന്നാലെ നടന്നോളും.
മാസ്റ്റർ കിടക്കയിൽ ഇരുന്നു. ഭാര്യ വേറെ മുറിയിലാണ് ഇപ്പോൾ ഉറങ്ങുന്നത്. അയാൾക്ക് ഒരു ജാരസന്തതിയുണ്ട് എന്ന വാർത്ത പ്രചരിച്ചപ്പോൾ മുതലാണത്.
വേലായുധൻ മാസ്റ്റർ തലയിണയെടുത്ത് ഹെഡ് റസ്റ്റിലേക്ക് അല്പം ചരിച്ചുവച്ചു.
പിന്നെ അതിലേക്കു ചാഞ്ഞ നിമിഷത്തിലാണ് സെൽഫോൺ ഇരമ്പിയത്.
മാസ്റ്റർ അതെടുത്തു നോക്കി.
മെഡിക്കൽ കോളേജ്. സി.ഐ ധനപാലൻ!
'' എന്താടോ?'' മാസ്റ്റർ ഫോൺ കാതിലമർത്തി.
''സാർ..... ഞാൻ വരുന്ന വഴി രാഹുലിനെ പിടികൂടി. എന്റെ സെയ്ഫ് കസ്റ്റഡിയിലുണ്ട്.''
''ങ്ഹേ?'' മാസ്റ്റർ ആവേശത്തിലായി. അവൻ ഇനി പുറം ലോകം കാണരുത് ധനപാലാ.''
'' അത് ഒരിക്കലുമില്ല. പക്ഷേ ചില കാര്യങ്ങൾ നമുക്ക് തീരുമാനിക്കണം. ഇവന്റെ മനസ്സിൽ ബോംബുപോലെ ചില രഹസ്യങ്ങളുണ്ട്. സാറിന്റെ സാന്നിദ്ധ്യത്തിൽ വേണം എനിക്കത് കേൾക്കാൻ. ഈ രാത്രിക്ക് അപ്പുറം ഇവനെ വച്ചുകൊണ്ടിരിക്കുന്നതും പന്തിയല്ല.''
'' നീ എവിടെയാ. ഞാൻ അങ്ങോട്ടുവരാം. അവനോട് ആ മുഖത്തുനോക്കി എനിക്കും ചിലതു സംസാരിക്കാനുണ്ട്.''
മാസ്റ്റർക്കു മറ്റൊന്നും ചിന്തിക്കാനില്ലായിരുന്നു.
ധനപാലൻ സ്ഥലം പറഞ്ഞുകൊടുത്തു.
മാസ്റ്റർ അപ്പോൾത്തന്നെ വേഷം മാറി സ്റ്റേറ്റുകാറോ അകമ്പടി പോലീസുകാരോ ഗൺമാനോ ഇല്ലാതെതന്നെ ഒരു വാഗൺ - ആർ കാറിൽ അവിടെ നിന്നു യാത്രയായി....
പതിനഞ്ചു മിനിട്ട്.
കാർ തെങ്ങിൻ തോപ്പിനു നടുവിലെ ഒഴിഞ്ഞ കെട്ടിടത്തിനു മുന്നിൽ നിന്നു.
പുറത്തിറങ്ങി മാസ്റ്റർ വാതിലിനു നേരെ നോക്കി ശബ്ദം താഴ്ത്തി:
''ധനപാലാ.....''
വിളി കേട്ടില്ലെങ്കിലും വാതിൽ തുറക്കപ്പെട്ടു. അകത്ത് കനത്ത ഇരുട്ട്.
തപ്പിത്തടഞ്ഞ് മാസ്റ്റർ വാതിൽക്കലെത്തി.
അടുത്ത നിമിഷം...
അകത്തുനിന്ന് ആരോ അയാളെ വലിച്ച് അകത്തേക്കിട്ടു.
(തുടരും)