കൊച്ചി: സ്വാശ്രയ കോളുകളിലെ 2017–2018 വർഷത്തെ സ്വാശ്രയ മെഡിക്കൽ ഫീസ് പുനപരിശോധിക്കാൻ ഹൈക്കോടതി ഉത്തരവ്. 4.5 ലക്ഷം മുതൽ 5.5 ലക്ഷം വരെ എന്ന ജസ്റ്റിസ് രാജേന്ദ്രബാബു കമ്മിഷൻ ഉത്തരവ് റദ്ദാക്കി കൊണ്ടാണ് ഹൈക്കോടതി ഉത്തരവിട്ടിരിക്കുന്നത്. നാലായിരത്തോളം വിദ്യാർത്ഥികളെ വിധി ബാധിക്കുമെന്നാണ് നിഗമനം. സ്വാശ്രയ കോളജുകളിലെ എംബിബിഎസ് പ്രവേശനത്തിനു നിശ്ചയിച്ച ഫീസ് പോരെന്നും കൂടുതൽ ഈടാക്കാൻ അനുവദിക്കണമെന്നും ആവശ്യപ്പെട്ട് 21 മാനേജുമെന്റുകളാണ് കോടതിയെ സമീപിച്ചത്.
4.50 ലക്ഷം മുതൽ 5.50 ലക്ഷംവരെ എന്ന രാജേന്ദ്രബാബു കമ്മിഷന്റെ ഫീസ് ഘടന മതിയാവില്ലെന്നും 11 ലക്ഷം മുതൽ 15 ലക്ഷം വരെ ഒരു വർഷം ഫീസ് ലഭിക്കണമെന്നും ആവശ്യപ്പെട്ടാണ് മാനേജുമെന്റുകൾ കോടതിയിലെത്തിയത്. ഫീസ് വർദ്ധിപ്പിക്കണമെന്നാവശ്യപ്പെട്ടു മുക്കത്തെ സ്വാശ്രയ മെഡിക്കൽ കോളജായ കെ.എം.സി.ടിയാണ് ആദ്യം ഹൈക്കോടതിയെ സമീപിച്ചത്. 4.85 ലക്ഷം രൂപയായിരുന്നു ഈ കോളേജിന് സമിതി നിശ്ചയിച്ചത്. പിന്നീട് 19 കോളജുകൾകൂടി കേസ് നൽകുകയായിരുന്നു.