ഇസ്ലമാബാദ്: ഇന്ത്യയെ ആക്രമിക്കാനെത്തിയ ശത്രു വിമാനത്തെ തുരത്തുന്നതിനിടെ തകരാറിലായ വിമാനത്തിൽ നിന്നും ഇജക്ട് ചെയ്ത് പാരച്ച്യൂട്ടിൽ രക്ഷപ്പെട്ട് പാക് പ്രദേശത്ത് വീണ പൈലറ്റ് വിംഗ് കമാൻഡർ അഭിനന്ദനെ വിട്ടയയ്ക്കുന്ന കാര്യം പരിഗണിക്കുമെന്ന് പാകിസ്ഥാൻ വിദേശകാര്യമന്ത്രി ഷാ മുഹമ്മദ് ഖുറേഷി അറിയിച്ചു. ഇന്ത്യയും പാകിസ്ഥാനുമായുള്ള ബന്ധം മെച്ചപ്പെടുത്തുന്നതിനായുള്ള ശ്രമങ്ങൾ ആരംഭിക്കുമെന്നും അദ്ദേഹം പാക് മാദ്ധ്യമങ്ങളോട് വ്യക്തമാക്കി.
ഇന്ത്യയിൽ നിന്നും ചില ഫയലുകൾ ലഭിച്ചിട്ടുണ്ട്. പാർലമെന്ററി നേതാക്കളുമായി ഇത് സംബന്ധിച്ച് ചർച്ച നടത്തിയിരുന്നു. തുറന്ന മനസോടെ തന്നെ ഇന്ത്യ അയച്ചു നൽകിയ രേഖകൾ പരിശോധിക്കാനാണ് തീരുമാനം. ഇന്ത്യയാണ് ആദ്യം ആക്രമണം നടത്തിയത്. അതിന് ശേഷമാണ് രേഖകൾ അയച്ചു നൽകിയിരിക്കുന്നത്. ആദ്യം രേഖകൾ അയച്ചു നൽകാൻ അവർ തയ്യാറായിരുന്നുവെങ്കിൽ ആക്രമണത്തിന്റെ ആവശ്യം ഉണ്ടാകുമായിരുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തീവ്രവാദത്തെക്കുറിച്ച് സംസാരിക്കാൻ ഇന്ത്യ തയ്യാറാകുകയാണെങ്കിൽ പാകിസ്ഥാൻ അതിനോട് സഹകരിക്കും. തങ്ങൾ ആഗ്രഹിക്കുന്നത് സമാധാനമാണെന്നും ഖുറേഷി പറഞ്ഞു.
അതേസമയം, പാകിസ്ഥാന്റെ പിടിയിലായ ഇന്ത്യൻ വൈമാനികനെ വച്ച് വില പേശാൻ അനുവദിക്കില്ലെന്ന് ഇന്ത്യയും വ്യക്തമാക്കി. പാകിസ്ഥാനുമായുള്ള ചർച്ച ഭീകരതയ്ക്കെതിരെ നടപടിയെടുത്തതിനു ശേഷമെന്നും അഭിനന്ദനെ ഉപാധികളില്ലാതെ വിട്ടയക്കണമെന്ന് ശക്തമായ ആവശ്യവും ഇന്ത്യ ഉന്നയിച്ചിട്ടുണ്ട്. ഇതിനിടെ ഭീകരവാദത്തിനെതിരെ നടപടി സ്വീകരിക്കാത്ത പാകിസ്ഥാനെതിരെ ലോകരാജ്യങ്ങൾ പരസ്യമായി രംഗത്തെത്തി. ജപ്പാൻ, അമേരിക്ക, സൗദി അറേബ്യ, ഫ്രാൻസ് എന്നീ രാജ്യങ്ങളാണ് പാകിസ്ഥാനെതിരെ പരസ്യ പ്രസ്താവനകളുമായി രംഗത്തെത്തിയിരിക്കുന്നത്.